city-gold-ad-for-blogger

സീതാംഗോളിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Seethangoli murder case: One more arrested for abetment and providing weapon; family alleges conspiracy.
Photo: Arranged

● ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എൻ അരുൺ കുമാറിനെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
● കേസിലെ മുഖ്യപ്രതിയായ ശ്രീനിവാസനെ കൃത്യം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
● 2026 ഏപ്രിൽ 28-ന് കൊല്ലപ്പെട്ട സഫായത്തിന്റെ മൃതദേഹം സീതാംഗോളിയിലെ കെട്ടിടത്തിന് പിന്നില്‍നിന്നാണ് കണ്ടെത്തിയത്.
● പ്രദേശത്തെ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാസർകോട്: (KasargodVartha) സീതാംഗോളിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. സീതാംഗോളിയിൽ ചായക്കട നടത്തിവരുന്ന ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എൻ അരുൺ കുമാറിനെ(39)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീനിവാസനെ (39) സംഭവം നടന്ന ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മരവടി എടുത്ത് നൽകിയതും ആക്രമണത്തിന് പ്രേരണ നൽകിയതും അരുൺ കുമാർ ആണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

മൃതദേഹം കണ്ടെത്തിയത് കെട്ടിടത്തിന് പിന്നിൽ

ബപ്പാലിപൊന്നം പാടലടുക്കം കണ്ണേപ്പാടിക്കടുത്ത് താമസിച്ചിരുന്ന ഉപ്പി എന്നറിയപ്പെടുന്ന സഫായത്താണ് (36) കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സീതാംഗോളിയിലെ ഒരു കെട്ടിടത്തിന് പിന്നിൽ രക്തത്തിൽ കുളിച്ച നിലയിൽ സഫായത്തിൻ്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് അടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന മരവടി കണ്ടെത്തിയിരുന്നു.

അറസ്റ്റിലേക്ക് നയിച്ചത് മുഖ്യപ്രതിയുടെ മൊഴി

മുഖ്യപ്രതി ശ്രീനിവാസനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇപ്പോൾ അറസ്‌റ്റിലായ അരുൺ കുമാറിൻ്റെ പങ്ക് വ്യക്തമായതും പ്രതി പിടിയിലായതും. കൊല്ലപ്പെട്ട സഫായത്ത് കൊലപാതകം നടക്കുന്നതിന് തലേദിവസം ഇപ്പോൾ അറസ്റ്റിലായ അരുൺ കുമാറിൻ്റെ കൈപിടിച്ച് തിരിച്ചിരുന്നുവെന്നും ഇതിൻ്റെ വൈരാഗ്യം കാരണമാണ് അടിക്കാൻ മരവടി എടുത്തുകൊടുത്തതെന്നുമാണ് കുറ്റാരോപിതൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. രണ്ട് അടി കിട്ടട്ടെയെന്ന് കരുതിയാണ് മരവടി എടുത്ത് നൽകിയതെന്നും ശ്രീനിവാസൻ അടിച്ചു കൊല്ലുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്നുമാണ് അരുൺ കുമാർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആസൂത്രിത കൊലപാതകമെന്ന് നിഗമനം

സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സീതാംഗോളി ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം നടന്ന സംഭവം ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രദേശം ലഹരി മാഫിയയുടെ താവളമാണെന്ന ആരോപണവും ഉയർന്നിരുന്നു.

കൊലപാതകത്തിന് തലേദിവസം തന്നെ പ്രദേശത്ത് സംഘട്ടനം നടന്നിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അന്ന് പോലീസെത്തി രംഗം ശാന്തമാക്കിയതായും പറയുന്നു. കൊല്ലപ്പെട്ട സഫായത്തിൻ്റെയും മറ്റു ചിലരുടെയും മൊബൈൽ ഫോണുകൾ പിടിച്ചുവെച്ചിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

തലേദിവസം നടന്ന അടിപിടിയിൽ സഫായത്തിൻ്റെ മുഖത്ത് പരിക്കേറ്റിരുന്നതായും പറയുന്നു. ആ സംഘർഷത്തിൻ്റെ പ്രതികാരമായിരിക്കാം കൊലപാതകമെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്.

കോഴി വാഹനത്തിൻ്റെ ഡ്രൈവറായാണ് സഫായത്ത് ജോലി ചെയ്തിരുന്നത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ കുമ്പള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭാരത് റെഡ്ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നു.

ഗൂഢാലോചനയുണ്ടെന്ന് കുടുംബം

കേസില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും കൊല്ലപ്പെട്ട യുവാവിൻ്റെ സുഹൃത്തുക്കളിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. മുൻ ദിവസമുണ്ടായ തർക്കമാണോ കൊലപാതകത്തിന് പിന്നിലെന്നും അതോ മറ്റ് ഗൂഢാലോചനകൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ സഫായത്തിൻ്റെ സഹോദരിമാർ ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭാരത് റെഡ്ഡിയെ ജില്ലാ പോലീസ് ആസ്ഥാനത്ത് ചെന്ന് കണ്ട് കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. സഫായത്തിൻ്റെ ഉറ്റ സുഹൃത്തിനെ ചോദ്യം ചെയ്താൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ഭാര്യയെ ഫോണിൽ വിളിച്ച് സഫായത്തിനെ സ്ഥലത്തെത്തിച്ചതെന്നും സുഹൃത്ത് തന്നെ ചതിക്കാൻ സാധ്യതയുണ്ടെന്ന് പോകുമ്പോൾ സഫായത്ത് പറഞ്ഞിരുന്നതായും ജില്ലാ പോലീസ് മേധാവിയെ ബോധ്യപ്പെടുത്തിയിരുന്നു. ഈ നിലയ്ക്കുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ടെന്നാണ് വിവരം.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: A second person, 39-year-old N Arun Kumar, has been arrested by Kumbla police in connection with the murder of a 36-year-old man named Safayath in Seethangoli, Kasaragod. Arun Kumar allegedly provided the wooden log used in the crime due to a prior dispute.

#KasaragodNews #Seethangoli #KumblaPolice #MurderCase #CrimeNewsKerala #KeralaPolice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia