Accident | സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; അജ്മല്‍ ശ്രീക്കുട്ടിയെ പരിചയപ്പെട്ടത് 6 മാസം മുമ്പ്; മൂന്നാമനില്ലെന്ന് പൊലീസ്
● ഇരുവര്‍ക്കുമെതിരെ ചുമത്തിയത് മന:പൂര്‍വമായ നരഹത്യാക്കുറ്റം
● അപകട സമയത്ത് മദ്യലഹരിയില്‍
കൊല്ലം: (KasargodVartha) മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ശ്രീക്കുട്ടിയും (27) അജ്മലും (29) സ്ഥിരം മദ്യപാന സത്ക്കാരം നടത്താറുണ്ടെന്ന് വ്യക്തമാക്കി പൊലീസ്. ഇരുവരും പരിചയപ്പെടുന്നത് ആറുമാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ മന:പൂര്‍വമായ നരഹത്യാക്കുറ്റമാണ് ചുമത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞദിവസം രാത്രി തന്നെ ഇരുവരേയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അജ് മലിനെതിരെ എട്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. മോഷണം, പൊതുമുതല്‍ വനശിപ്പിക്കല്‍, വഞ്ചന, എന്നീ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
കരുനാഗപ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജ്മല്‍ കൊറിയോഗ്രാഫര്‍ എന്ന രീതിയിലാണ് ശ്രീക്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് സൗഹൃദമായി മാറുകയായിരുന്നു. സൗഹൃദം മുതലെടുത്ത് അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്നും എട്ട് ലക്ഷം രൂപയോളം കൈക്കലാക്കിയതായും പൊലീസ് പറയുന്നു. രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും പുറത്താക്കി. ആറുമാസം മുന്‍പ് ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. അതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നുള്ള വിവരവും പൊലീസ് പങ്കുവയ്ക്കുന്നു. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ആണ് ഇരുന്നതെന്നാണ് സൂചന. എന്നാല്‍ വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തിനുശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പ്രദേശവാസികള്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശ്രീക്കുട്ടിയെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്മലിന്റെ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.45 മണിയോടെ മരണം സംഭവിച്ചു. ഫൗസിയ ചികിത്സയിലാണ്.
#KeralaNews #ScooterAccident #CrimeReport #PoliceInvestigation #Kollam #Justice