Fraud | പാതിവിലയ്ക്ക് സ്‌കൂടറുകളും ലാപ്ടോപുകളും നൽകാമെന്ന് വാഗ്ദാനം; അനന്തുകൃഷ്ണനെതിരെ കാസർകോട്ടും പരാതി; '30 ലക്ഷം രൂപയുടെ നഷ്ടം'

● വായനശാല വഴിയായിരുന്നു തട്ടിപ്പ്
● 30 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി വായനശാല ഭാരവാഹികൾ.
● സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാതി വിലയ്ക്ക് സ്കൂടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണനെതിരെ കാസർകോട് ജില്ലയിലും പരാതി. കുമ്പഡാജെ പഞ്ചായതിലെ മൈത്രി വായനശാല വഴി അനന്തു കൃഷ്ണൻ സ്കൂട്ടർ തട്ടിപ്പ് നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 30 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി വായനശാല ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ വഴിയാണ് അനന്തകൃഷ്ണനെ പരിചയപ്പെട്ടതെന്നാണ് വായനശാല ഭാരവാഹികൾ വ്യക്തമാക്കുന്നത്. നേരത്തെ പണം അടച്ചത് പ്രകാരം 40 സ്കൂട്ടറുകളും 75 ലാപ്ടോപും 250 തയ്യൽ മെഷീനുകളും ലഭിച്ചതായി വായനശാല ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ ഇതിനുശേഷം 36 സ്കൂടറുകൾക്കും 36 ലാപ്ടോപുകൾക്കും പണം അടച്ചിരുന്നു. എന്നാൽ ഇവ നൽകാതെ കബളിപ്പിച്ചതായാണ് പരാതി.
അതിനിടെ, കേസിൽ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റ് എക്‌സിക്യൂടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കി മുന്നോട്ടുനീങ്ങാനാണ് പൊലീസിന്റെ തീരുമാനം. എൻജിഒ കോൺഫെഡറേഷൻ ഡയറക്ടർമാരെയും കേസിൽ പ്രതിചേർക്കും. അനന്തുകൃഷ്ണനെ സ്കൂടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷനാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എൻജിഒ കോൺഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനന്തുവിന്റെ വാട്സ് ആപ് ചാറ്റുകളും മറ്റും വിശദമായി പരിശോധിച്ചുവരികയാണ്.
A complaint has been filed against Ananthu Krishnan in Kasaragod for allegedly defrauding people by promising scooters and laptops at half price. The Maitri Library in Kumbladaje Panchayat claims to have lost around ₹30 lakh. The police have registered a case and are investigating the matter, with Sai Gram Global Trust Chairman K N Anandakumar being the main accused.
#ScooterScam #LaptopFraud #AnanthuKrishnan #Kasaragod #FraudCase #Kerala