Attack | സ്‌കൂള്‍ ബസ് ഡ്രൈവറും വിദ്യാര്‍ഥികളും നടുറോഡില്‍ ഏറ്റുമുട്ടി; തലക്കടിയേറ്റ പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
● വിദ്യാര്‍ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● ബസ് ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയില്‍.
● തര്‍ക്കവിവരം അറിഞ്ഞിരുന്നില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപാള്‍.
കുമ്പള: (KasargodVartha) സ്‌കൂള്‍ ബസ് ഡ്രൈവറും വിദ്യാര്‍ഥികളും നടുറോഡില്‍ ഏറ്റുമുട്ടി. മുട്ടം കുനില്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ പെരുങ്കടിയിടെ സിയയും ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുമാണ് ഏറ്റുമുട്ടിയത്. തലക്കടിയേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കണ്ണാടിപ്പാറയിലെ മുഫീദിന് (18) ഗുരുതരമായി പരുക്കേറ്റു. വിദ്യാര്‍ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് ക്ലാസ് വിട്ട് ബസ് സ്റ്റോപിലേക്ക് നടന്നു പോകുമ്പോള്‍ ബസ് കൊണ്ടുവന്ന് ദേഹത്ത് ഇടിച്ചത് ചോദ്യം ചെയ്തതിന് ബസിന്റെ ടൂള്‍സ് എടുത്ത് തലയ്ക്ക് അടിച്ചതോടെ താന്‍ ബോധംകെട്ട് വീഴുകയായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു. മറ്റ് വിദ്യാര്‍ഥികളും പ്രദേശവാസികളും ചേര്‍ന്ന് വിദ്യാര്‍ഥിയെ മംഗല്‍പ്പാടി ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അതേസമയം, വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്ന് പറഞ്ഞ് ബസ് ഡ്രൈവറും മംഗല്‍പ്പാടി ആശുപത്രിയില്‍ ചികിത്സ തേടി. ഏതാനും ദിവസമായി വിദ്യാര്‍ഥികളും ഡ്രൈവറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സ്‌കൂളിന് സമീപത്തെ സര്‍വീസ് റോഡ് വീതി കുറഞ്ഞതാണെന്നും വിദ്യാര്‍ഥികള്‍ നടന്നു പോകുമ്പോള്‍ ബസിന് വഴിമാറികൊടുക്കാത്തതാണ് തര്‍ക്കത്തിന് കാരണമായതെന്നും സ്‌കൂള്‍ പ്രിന്‍സിപാള്‍ തമ്പാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ വിദ്യാര്‍ഥികളോ ബസ് ഡ്രൈവറോ സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നില്ല. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടോ കാര്യം പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പ്രശ്‌നത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഇടപെടാന്‍ അവസരം കിട്ടിയില്ലെന്നും പ്രിന്‍സിപാള്‍ പറയുന്നു.
ഡ്രൈവര്‍ ലഹരിയിലാണ് തന്നെ അക്രമിച്ചതെന്നും പലപ്പോഴും തന്നെയും മറ്റ് വിദ്യാര്‍ഥികളെയും ബസ് ഇടിപ്പിക്കാന്‍ ശ്രമിക്കുകയും കാലിലൂടെ ബസിന്റെ ചക്രം കയറ്റിയെന്നും അക്രമത്തിനിരയായ വിദ്യാര്‍ഥി ആരോപിച്ചു. വീട്ടില്‍നിന്നും യൂണിഫോം ഇല്ലാതെ പുറത്തിറങ്ങുന്ന സമയത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വന്നിരുന്നുവെന്നും വിദ്യാര്‍ഥി പറയുന്നു.
ആക്രമിച്ച് മംഗല്‍പ്പാടി ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ അക്രമവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഡ്രൈവറുടെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. മകനെ ഉപദ്രവിച്ചതില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
#KeralaSchoolAssault, #SchoolBusIncident, #StudentSafety, #KasargodNews, #IndiaNews