Crime | പൊലീസുകാരെ അപായപ്പെടുത്തൽ തുടരുമ്പോഴും കാസർകോട്ടെ തീരമേഖലയിലെ മണൽ കടത്തിന് കുറവൊന്നുമില്ല

● കാസർകോട് തീരത്ത് മണൽ കടത്ത് വർധിക്കുന്നു.
● തീരമേഖലയിൽ ലഹരി മാഫിയയും പിടിമുറുക്കുന്നു.
● പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
കാസർകോട്: (KasargodVartha) മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനത്തിൽ ഇടിപ്പിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ കാഞ്ഞങ്ങാട് ശ്രമം നടത്തിയ സംഭവങ്ങൾ ഇടയ്ക്കിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ജില്ലയിലെ തീരെ മേഖലകളിലെ മണൽ കൊള്ളയ്ക്ക് യാതൊരു കുറവുമില്ല. കുമ്പള ഉൾപ്പെടെയുള്ള ജില്ലയുടെ തീര മേഖലകളിൽ ലോഡ് കണക്കിന് മണലാണ് രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോകുന്നത്.
പൊലീസ് തീരമേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നേരത്തെയുള്ള പരാതി. കടവുകളിലെ മണൽ കൊള്ളക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കാറുണ്ട്. തോണികൾ തകർത്തും, കടവുകൾ നശിപ്പിച്ചുമാണ് പൊലീസ് അനധികൃത മണൽ കടവുകൾക്കെതിരെ നടപടി സ്വീകരിച്ചു വരുന്നത്. എന്നാൽ തീരമേഖലയിലെ മണൽ കൊള്ളയ്ക്ക് പൊലീസ് കണ്ണടക്കുന്നുവെന്നാണ് ആക്ഷേപം. കുമ്പള തീരമേഖലയിലാണ് മണൽ കൊള്ള ഏറെയും നടക്കുന്നത്.
രാത്രി ചാക്കുകളിലാക്കി തീരത്ത് സൂക്ഷിക്കുന്ന മണലുകൾ വെളുപ്പിന് ടിപ്പർ ലോറികളിലും, മറ്റു ചെറു വാഹനങ്ങളിലും കൊണ്ടുപോകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൈറ്റ് പെട്രോളിങ് നടത്തുന്ന പൊലീസുകാർ ജീവൻ പണയം വെച്ചാണ് മണൽ മാഫിയാ സംഘങ്ങളെ നേരിടുന്നത്. ഇതിനിടയിൽ മണൽ മാഫിയയെ സഹായിക്കുന്ന ചില കള്ളനാണയങ്ങൾ പൊലീസിലുണ്ടെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നുണ്ട്. ഇവരാണത്രേ മണൽ കൊള്ളക്കാർക്ക് പരിശോധന കാര്യം ചോർത്തി നൽകുന്നത്.
മണൽ കടത്തുമായി ബന്ധപ്പെട്ട് മണൽ മാഫിയ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ച പൊലീസുകാർക്കെതിരെ 2023-24 കാലയളവിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടികളൊക്കെ മുൻകാലങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കാസർകോട് ജില്ലയിൽ തന്നെ ഇത്തരത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കണ്ണൂർ ജില്ലയിൽ ഏഴോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ നടപടി നേരിടേണ്ടി വന്നത്.
മണൽ മാഫിയയിൽ നിന്ന് പൊലീസുകാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മണൽ കൊള്ളക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. മണൽ മാഫിയകളെ ലക്ഷ്യമിട്ട് തീരെ മേഖലയിൽ രാത്രികാലങ്ങളിൽ ലഹരി മാഫിയയും പിടിമുറുക്കുന്നുണ്ടെന്ന് തീരദേശവാസികൾ പറയുന്നു. തീര മേഖലയിൽ പൊലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്നും, ഇതിനായി തീരദേശ പൊലീസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ, വാർത്ത ഷെയർ ചെയ്യുക
Sand smuggling is on the rise in Kasaragod's coastal areas, posing a challenge to law enforcement. Despite frequent attacks on police officers, the sand mafia continues to operate with impunity, transporting sand under the cover of night. Local residents are demanding stricter action from the authorities to curb this illegal activity.
#SandSmuggling #Kasaragod #Crime #Kerala #Police #Mafia