Police FlR | സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

● കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
● ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
● ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.
കൊച്ചി: (KasargodVartha) പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പൊലീസിനെ സമീപിച്ചത്. യുഎസില്‍ നിന്നാണ് സനല്‍കുമാര്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354ഡി വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നേരത്തേയും ഈ നടിയുടെ പരാതിയില്‍ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തുനിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സനലിന് ജാമ്യം അനുവദിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ല്‍ നടി സനല്‍ കുമാറിനെതിരെ പരാതി നല്‍കിയത്.
2019 ആഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.
ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.