Investigation | ജോലി തട്ടിപ്പ് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു; പണ ഇടപാടിനെ കുറിച്ചുള്ള ചോദ്യത്തിന് പൊലീസിനോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ
● സച്ചിത റൈക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ.
● ബദിയഡുക്ക പൊലീസാണ് കസ്റ്റഡിയിൽ വാങ്ങിയത്
● കസ്റ്റഡി കാലാവധി നീട്ടാനായി പൊലീസ് കോടതിയെ സമീപിച്ചേക്കും
കാസർകോട്: (KasargodVartha) ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന കേസിലെ പ്രതിയും മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപികയുമായ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈ (27) യെ രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ബദിയഡുക്ക പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സച്ചിത റൈയെ ബദിയഡുക്ക പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
12 കേസുകളാണ് സച്ചിത റൈക്കെതിരെ ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമ്പള, മഞ്ചേശ്വരം, കാസർകോട്, ആദൂർ, മേൽപറമ്പ്, അമ്പലത്തറ, കർണാടകയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും സച്ചിത റൈക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബദിയഡുക്ക എസ്ഐ ലക്ഷ്‌മി നാരായണൻ അന്വേഷിക്കുന്ന കേസിലാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. കൈകുഞ്ഞിനോടൊപ്പമാണ് യുവതി ചോദ്യം ചെയ്യലിന് വിധേയമാകുന്നത്.
ജോലി തട്ടിപ്പിലൂടെ വാങ്ങിയ പണം എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് സച്ചിത വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയോട് ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിക്കാത്തത് കൊണ്ട് ഓരോ കേസിലും ഓരോ ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
മറ്റ് പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും സച്ചിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. 12.70 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയെന്ന് പരാതി നൽകിയ യുവതിയുടെ മാതാവ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സച്ചിതയെ പെട്ടെന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകാൻ പൊലീസിനെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ സ്വാധീനം കാരണം സച്ചിതയ്‌ക്കെതിരെയുള്ള കേസുകളിൽ പൊലീസ് മെല്ലെപോക്ക് നയം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
#JobScam #SachithaRai #KeralaNews #FraudCase #Kasargod #CrimeNews