Fraud Allegations | സച്ചിത റൈക്കെതിരെ പരാതികൾ ഒഴിയുന്നില്ല; കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 13.80 ലക്ഷം രൂപ തട്ടിയെന്ന് പുതിയ കേസ്
● കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സീനിയർ ക്ലർകായി ജോലി വാഗ്ദാനം ചെയ്ത് ബായാറിലെ യുവതിയില്‍ നിന്ന് 13,80,000 രൂപ തട്ടിയെന്നാണ് കേസ്. /
● രണ്ട് മാസം മുമ്പ് സച്ചിത റൈ അറസ്റ്റിലായത് മുതൽ കണ്ണൂരിലെ വനിതാ ജയിലില്‍ കൈ കുഞ്ഞിനോടൊപ്പം റിമാൻഡിലാണ്.
● പുത്തിഗെ ബാഡൂരിലെ എയിഡഡ് സ്‌കൂൾ അധ്യാപികയുമാണ് സച്ചിത റൈ.
മഞ്ചേശ്വരം: (KasargodVartha) ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് സച്ചിത റൈക്കെതിരെ പരാതികൾ ഒഴിയുന്നില്ല. കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 13.80 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തതാണ് ഒടുവിലത്തേത്.
കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സീനിയർ ക്ലർകായി ജോലി വാഗ്ദാനം ചെയ്ത് ബായാറിലെ യുവതിയില്‍ നിന്ന് 13,80,000 രൂപ തട്ടിയെന്നാണ് കേസ്. 2023 ഡിസംബര്‍ 13 മുതല്‍ 2024 ഏപ്രില്‍ 30 വരെയുള്ള കാലയളവിൽ ധർമ്മത്തടുക്ക ബായാർ കറുവാജെയിലെ മറിയം സഫൂറ (28) യിൽ നിന്നാണ് ഇത്രയും വലിയ തുക തട്ടിയെടുത്തതായി പരാതി ലഭിച്ചത്.
ഇതോടെ സച്ചിതക്കെതിരെയുള്ള കേസുകളുടെ എണ്ണം 22 ആയി ഉയർന്നു. രണ്ട് മാസം മുമ്പ് സച്ചിത റൈ അറസ്റ്റിലായത് മുതൽ കണ്ണൂരിലെ വനിതാ ജയിലില്‍ കൈ കുഞ്ഞിനോടൊപ്പം റിമാൻഡിലാണ്. ജോലി തട്ടിപ്പിൽ പ്രതിയായതിന് പിന്നാലെ സച്ചിതയെ ഡിവൈഎഫ്‌ഐയിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.
സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, എസ് ബി ഐ, കർണാടക എക്സൈസ് തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതി യുവാക്കളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസ്. പുത്തിഗെ ബാഡൂരിലെ എയിഡഡ് സ്‌കൂൾ അധ്യാപികയുമാണ് സച്ചിത റൈ.
കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സീനിയര്‍ ക്ലര്‍കിന്റെ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് സഫൂറ പറയുന്നു. 2023 ഡിസംബര്‍ 13 മുതല്‍ 2024 ഏപ്രില്‍ 30 വരെയുള്ള കാലയളവിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അകൗണ്ട് വഴിയുമാണ് പണം അയച്ചുകൊടുത്തതെന്നാണ് സഫൂറയുടെ പരാതിയിൽ പറയുന്നത്. സച്ചിതക്കെതിരെയുള്ള കേസുകളിൽ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്.
#SachithaRai, #Fraud, #Kasaragod, #KeralaCrime, #JobFraud, #PoliceCase