Bribe | 'ബസിന്റെ റൂട്ട് പെര്‍മിറ്റിന് പണവും മദ്യവും'; കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ പിടിയില്‍

● വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
● ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 49 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
● അഴിമതി സംബന്ധിച്ച വിവരങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കുക.
കൊച്ചി: (KasargodVartha) കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ വിജിലന്‍സിന്റെ പിടിയില്‍. ആര്‍ടിഒ ജെര്‍സണ്‍, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്. 5,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ജെര്‍സണിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 കുപ്പി വിദേശമദ്യവും പിടികൂടിയതായി വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്പി എസ് ശശിധരന്‍ പറയുന്നത്: ഫോര്‍ട്ട് കൊച്ചി - ചൊല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചെല്ലാനം ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജറായ ചെല്ലാനം സ്വദേശിയില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഈ ബസിന്റെ റൂട്ട് പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മറ്റൊരു ബസിന് റൂട്ട് പെര്‍മിറ്റ് നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുമതി നല്‍കുന്നത് ആര്‍ടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഏജന്റായ രാമപടിയാര്‍ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കല്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ജെര്‍സണ്‍ നിര്‍ദേശിച്ചതായി അറിയിച്ചു. പിന്നാലെ പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ച വിജിലന്‍സ് സംഘം എറണാകുളം ആര്‍ടി ഓഫീസിന് മുന്നില്‍വെച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്പോള്‍ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ജെര്‍സണേയും അറസ്റ്റ് ചെയ്തു. പിന്നീട് ജെര്‍സണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വന്‍ശേഖരം കണ്ടെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്‌സ്ആപ് നമ്പറായ 9447789100ലോ വിവരം അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അഭ്യര്‍ഥിച്ചു.
ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നിയെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.
Ernakulam RTO Jerson and his associates have been arrested by the Vigilance for accepting a bribe of Rs. 5,000 and a bottle of liquor for granting a bus route permit. A large quantity of liquor was also seized from Jerson's residence. The arrest followed a complaint regarding the delay in issuing a permit for a bus operating on the Fort Kochi - Chellanam route.
#Bribery #Corruption #Kerala #Ernakulam #RTO #Arrest