Robbery | ചന്തേര ചെമ്പകത്തറ മുത്തപ്പൻ ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി
മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ചന്തേര: (KasaragodVartha) പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെയുള്ള ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിൽ കവര്‍ച്ച. മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവില്‍ പൊളിച്ച് മൂലഭണ്ഡാരത്തിലെ പണം മുഴുവൻ കവര്‍ച്ച ചെയ്തതായി ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുറത്തുള്ള ഭണ്ഡാരവും കവർച്ച ചെയ്തു. മറ്റൊരു ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ക്ഷേത്രത്തിലെ ഓഫീസ് കൗണ്ടറും കുത്തിത്തുറന്നു. കവർച്ചയുടെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞു. പുലര്‍ച്ചെ 1.30 മണിയോടെയാണ് മോഷണമെന്ന് വ്യക്തമായി. രാവിലെ ക്ഷേത്രത്തില്‍ അടിച്ചുതെളി ജോലിക്കാരി എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പിന്നീട് ക്ഷേത്ര ഭാരവാഹികളെത്തി. ചന്തേര പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദരും പൊലീസ് നായയും എത്തി പരിശോധന നടത്തും.
ഏതാനും ദിവസം മുമ്പ് സമീപത്തെ കാലിക്കടവ് കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും ഭണ്ഡാര കവര്‍ച്ച നടന്നിരുന്നു. രണ്ട് മോഷണങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്‌റ്റേഷൻ്റെ നൂറ് മീറ്റർ അകലെ മാത്രമാണ് കവർച്ച നടന്ന ക്ഷേത്രം. കാവിമുണ്ടും കുപ്പായവും ധരിച്ച ഒരാളുടെ ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം കവർച്ച നടന്ന കരക്കക്കാവ് ക്ഷേത്രം ഭാരവാഹികൾ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ സ്റ്റേഷൻ മാർച് നടത്താനുള്ള ആലോചനയും നടക്കുന്നുണ്ട്.