Crime | കുട്ടികളുടെ കയ്യിൽ ഇ-സിഗരറ്റ് കണ്ട പ്രദേശവാസികൾ വിൽപനക്കാരനെ 'മകുടി ഊതി വരുത്തി പിടികൂടി' പൊലീസിൽ ഏൽപിച്ചു
● ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഅഫർ ആണ് പിടിയിലായത്.
● അഞ്ചു മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ് ഇരകളായത്.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേക്കൽ: (KasargodVartha) കുട്ടികളുടെ കയ്യിൽ ഇ-സിഗരറ്റ് കണ്ട പ്രദേശവാസികൾ വിൽപനക്കാരനെ കടിച്ച പാമ്പിനെ മകുടി ഊതി വരുത്തി പിടികൂന്നത് പോലെ പൊക്കിയെടുത്ത് പൊലീസിൽ ഏൽപ്പിച്ചു. കുട്ടികൾ നിരന്തരം വീട്ടിൽ നിന്നും പണം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയതോടെയാണ് സംശയം തോന്നിയ പ്രദേശവാസികൾ എന്തിനാണ് ഇവർ പണം വാങ്ങുന്നതെന്നതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്.
ഇ-സിഗറ്റിന് വേണ്ടിയാണ് വീട്ടിൽ നിന്നും പണം ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് കടിച്ച പാമ്പിനെ വരുത്താൻ തന്ത്രം മെനഞ്ഞത്. കുട്ടികളെ ഇ-സിഗരറ്റിന് അടിമകളാക്കിയവനെ പിടിക്കാൻ കുട്ടികളിൽ ഓരാളെ കൊണ്ട് തന്നെ ഇ-സിഗരറ്റ് വേണമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി സന്ദേശം അയപ്പിച്ചു.
ഇൻസ്റ്റാഗ്രാം വഴി ഓർഡർ എടുത്ത യുവാവ് സാധനവുമായെത്തിയ ഉടനെ പ്രദേശവാസികൾ ചാടി വീണ് പിടികൂടി ബേക്കൽ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. 10 ഇ-സിഗരറ്റുകൾ യുവാവിൽ നിന്നും കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഅഫർ ആണ് പിടിയിലായത്. ഇയാൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
അഞ്ച് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളെയാണ് യുവാവ് ഇ-സിഗരറ്റിന് അടിമകളാക്കി വെച്ചിരുന്നതെന്നാണ് ആരോപണം. 5000 തവണ വരെ വലിക്കാവുന്ന ഇ-സിഗരറ്റിന് 1500 രൂപ മുതൽ 2500 രൂപ വരെയാണ് വാങ്ങിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി ഓർഡർ സ്വീകരിച്ച് പള്ളിക്കര, കല്ലിങ്കാൽ, പൂച്ചക്കാട്, ബേക്കൽ ഭാഗങ്ങളിലെ കുട്ടികൾക്കാണ് ഇ-സിഗരറ്റ് എത്തിച്ചു കൊടുത്തിരുന്നതെന്നാണ് സൂചന.
#ecigarette #minors #arrest #Bekal #Kerala #India #drugabuse #socialmedia #Instagram #childsafety #parentalawareness