Fraud | റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10.20 ലക്ഷം രൂപ തട്ടിയെടുത്തയായി പരാതി; സ്ത്രീകൾ ഉൾപ്പെടെ 5 പേര്‍ക്കെതിരെ കേസ്; പ്രതികളിൽ 2 പേരുള്ളത് ജയിലിൽ
● പ്രതികൾക്ക് എതിരെ നിരവധി പരാതികൾ നിലവിലുണ്ട്.
● വ്യാജ നിയമന കത്തുകളും മറ്റും പ്രതികൾ സ്വയം നിർമിച്ച് വന്നതായി പൊലീസ് പറയുന്നു
ചീമേനി: (KasargodVartha) റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സംഘത്തിലെ അഞ്ച് പേർക്കെതിരെ ചീമേനി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ചീമേനി ഒയോളം പലേരി കണ്ടത്തിലെ പി കെ വിജയന്റെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാല്‍ചന്ദ് കണ്ണോത്ത്, ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ശശി, കൊല്ലം പുനലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരത് എസ് ശിവന്‍, ഭാര്യ എബി, ഗീതാറാണി എന്നിവര്‍ക്കെതിരെ വഞ്ചന, ചതി ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസടുത്തത്.
2023 ഓഗസ്റ്റ് 26 മുതൽ 2024 ഫെബ്രുവരി അഞ്ച് വരെയുള്ള കാലയളവിൽ പരാതിക്കാരനായ വിജയന്റെ മകന് ഇൻഡ്യൻ റെയിൽവേയിൽ പ്യൂൺ ജോലി നൽകാമെന്ന് വിസ്വാസിപ്പിച്ച് പ്രതികൾ 10.20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പ്രതികൾക്കെതിരെ കേരളത്തിൽ അങ്ങൊളമിങ്ങോളം പരാതികൾ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഹൈകോടതി അഭിഭാഷകനാണെന്നും ഡോക്ടറാണെന്നും റെയിൽവേയുടെ അംഗീകൃത ഏജന്റാണെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയെടുത്തതെന്നാണ് പറയുന്നത്. കണ്ണൂര്‍ മൊകേരി സ്വദേശിയിൽ നിന്നും ഇതേ സംഘം സമാന രീതിയില്‍ 10.20 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ഈ സംഭവത്തിൽ ചക്കരക്കൽ പൊലീസെടുത്ത കേസിൽ എറണാകുളം കടവന്ത്രയിലെ പ്രതികളുടെ രഹസ്യ താവളം റെയ്‌ഡ് ചെയ്ത് കൊല്ലം സ്വദേശിനിയായ നിയ (28) യെ അറസ്റ്റ് ചെയ്തിരുന്നു.
നിയയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിൽപെട്ട ശരത് എസ് ശിവന്‍, ഗീതാറാണി എന്നിവര്‍ മറ്റൊരു തട്ടിപ്പു കേസില്‍ റിമാൻഡിൽ കഴിയുന്ന വിവരം പൊലീസിന് ലഭിച്ചത്. കോടതിയിൽ അപേക്ഷ നൽകി ഇവരുടെ അറസ്റ്റ് ജയിലിൽ രേഖപ്പെടുത്താനാണ് ചീമേനി പൊലീസിന്റെ തീരുമാനം. പ്രതികൾക്കെതിരെ ഇതിനകം 15 ലധികം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ക്ലർക്, ട്രെയിൻ മാനജർ, സ്റ്റേഷൻ മാനജർ, പ്യൂൺ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കണ്ണൂരിൽ മാത്രം ഏഴ് കേസുകൾ നിലവിലുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ ഉപയോഗിച്ച് വന്നിരുന്നത്. വ്യാജ നിയമന കത്തുകളും മറ്റും പ്രതികൾ സ്വയം നിർമിച്ച് വന്നതായി തലശേരി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
#railwayjobscam #kerala #fraud #cheating #arrest #india