യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്തു
● മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് നടപടി.
● വാട്‌സാപ്പ് ചാറ്റ്, ശബ്‌ദരേഖ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ യുവതി കൈമാറിയിട്ടുണ്ട്.
● പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ രാഹുൽ എംഎൽഎ ഓഫീസ് പൂട്ടി മാറിനിൽക്കുകയാണ്.
● മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെ രാഹുൽ സമീപിച്ചു.
തിരുവനന്തപുരം: (KasargodVartha) യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്കാണ് നെടുമങ്ങാട് വലിയമല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയിലാണ് അതിവേഗ നടപടി ഉണ്ടായിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി. കെ.എസ്. സുദർശൻ്റെ നേതൃത്വത്തിൽ യുവതിയിൽനിന്ന് മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച (27.11.2025) വൈകുന്നേരം നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. മൂന്നുപേജുള്ള പരാതി എഴുതി നൽകിയ യുവതി വാട്‌സാപ്പ് ചാറ്റ്, ശബ്‌ദരേഖ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്.
പോലീസ് നടപടികൾ ആരംഭിച്ചു
എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തുടർനടപടികൾ നിശ്ചയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ രാഹുലിനെതിരേ പരാതി വന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റ് മാസത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയർന്നുവെങ്കിലും അന്ന് പരാതിക്കാരി നേരിട്ടെത്തിയിരുന്നില്ല. എന്നാൽ, മൂന്നാംകക്ഷികൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതികൾ പരിഗണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ശബ്‌ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി അതിന് തയ്യാറായിരുന്നില്ല. എന്നാൽ, ശബ്ദരേഖയിലുള്ളത് തൻ്റെ ശബ്ദം തന്നെയാണോയെന്നത് സ്ഥിരീകരിക്കാനോ തള്ളാനോ രാഹുൽ മാങ്കൂട്ടത്തിൽ ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല.
രാഹുൽ മുൻകൂർ ജാമ്യത്തിന്
പരാതി ലഭിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ പാലക്കാട്ടെ എം.എൽ.എ. ഓഫീസ് പൂട്ടി രാഹുൽ മാറിനിൽക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് നിലയിലാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ രാഹുൽ മുൻകൂർജാമ്യത്തിനായി നിയമസഹായം തേടി.
ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത്. എന്നാൽ, സെഷൻസ് കോടതിയെ സമീപിച്ചിട്ടേ ഹൈക്കോടതിയിൽ മുൻകൂർജാമ്യഹർജി നൽകാവൂവെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. പക്ഷേ, പ്രത്യേക സാഹചര്യത്തിൽ സാധ്യമാകുമോ എന്നു പരിശോധിക്കുന്നുണ്ട്.
അതേസമയം, നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ അപാകമുണ്ടെന്നും 'മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പോലീസ് സ്റ്റേഷനാകുന്നത്' എന്നും അഡ്വ. ജോർജ് പൂന്തോട്ടം പ്രതികരിച്ചു.
നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിലെ നിയമവശം എന്താണ്? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: MLA Rahul Mankkoottathil booked under non-bailable sections; seeking anticipatory bail.
#RahulMankkoottathil #CrimeNews #KeralaPolitics #NonBailable #AnticipatoryBail #MLAArrest






