Ragging | സംസ്ഥാനത്ത് റാഗിംഗ് കേസുകൾ ഉയരുന്നു; പല സ്കൂൾ - കോളജ് മാനേജ്മെന്റുകളും നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തുന്നതായി ആക്ഷേപം

● തിരുവാണിയൂരിൽ വിദ്യാർത്ഥി റാഗിംഗ് കാരണം ആത്മഹത്യ ചെയ്തു.
● കോട്ടയം നഴ്സിംഗ് കോളേജിലും നടന്നത് ക്രൂരമായ റാഗിംഗ്.
● കർക്കശ നടപടികൾ വേണമെന്ന ആവശ്യം ശക്തം
കോട്ടയം: (KasargodVartha) സംസ്ഥാനത്ത് അതിക്രൂരമായ രീതിയിൽ സ്കൂൾ-കോളജുകളിൽ റാഗിംഗ് കേസുകൾ കൂടി വരുമ്പോഴും പല സ്കൂൾ - കോളജ് മാനേജ്മെന്റുകളും നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തുന്നതായി ആക്ഷേപം. സ്കൂൾ, കോളേജുകളുടെ 'ഭാവി'യിൽ ആശങ്കപ്പെടുന്ന മാനേജ്മെന്റുകൾക്ക്, വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗ് മൂലം കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുന്നതും, ക്ലാസ് മുറിക്കകത്ത് ജീവനൊടുക്കുന്നതും വലിയ വിഷയമായി കാണാൻ കഴിയുന്നില്ല എന്നതിലേക്കാണ് അടുത്തകാലത്ത് നടന്ന രണ്ട് റാഗിംഗ് സംഭവങ്ങളും വിരൽചൂണ്ടുന്നതെന്നാണ് വിമർശനം.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥി മിഹിർ അഹ്‌മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് എതിരെ ആരോപണങ്ങൾ ഉയർത്തിയാണ് സ്കൂൾ അധികൃതർ രംഗത്ത് വന്നത്. മിഹിറിനെ സ്ഥിരം പ്രശ്നക്കാരനാക്കാനായിരുന്നു സ്കൂൾ അധികൃതരുടെ ശ്രമം. മിഹിർ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായാണ് ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ വാദം.
മകന്റെ വാട്സ് ആപ്പ് സന്ദേശവും രക്ഷിതാക്കളുടെ പരാതിയിൽ ഉണ്ട്. എന്നിട്ടും ഇതിന് തെളിവില്ലെന്ന് പറഞ്ഞു സ്കൂൾ അധികൃതർ കൈ കഴുകുന്നുവെന്നാണ് വിമർശനം. പൊലീസും, വിദ്യാഭ്യാസ വകുപ്പും അന്വേഷണം ഊർജ്ജിതമാക്കുമ്പോഴാണ് ആരോപണ വിധേയരായ സീനിയർ വിദ്യാർത്ഥികളെ വെള്ള പൂശാനുള്ള നടപടിയാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിംഗ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അഞ്ച് വിദ്യാർത്ഥികൾ ചേർന്നാണ് കോളേജിലെ നിരവധി വിദ്യാർത്ഥികളെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയത്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ റാഗിങ്ങിന്റെ വീഡിയോകൾ പുറത്തുവന്നതോടെയാണ് സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ മുന്നോട്ടുവന്നത്.
കഴിഞ്ഞ മൂന്നു മാസക്കാലമായി ഇത്തരത്തിലുള്ള ക്രൂരമായ റാഗിംഗ് കേസുകൾ കോളേജിൽ നടന്നുവരുന്നത് തങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നത് തന്നെ സ്കൂൾ മാനേജ്മെന്റ് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ് എന്നാണ് പൊതുപ്രവർത്തകർ പറയുന്നത്. സ്കൂൾ അധികൃതരുടെ അറിവോടെ തന്നെയാണ് റാഗിങ് നടന്നതെന്നാണ് ഇപ്പോൾ ആക്ഷേപമുയരുന്നത്. വിഷയം വിവിധ വിദ്യാർഥി സംഘടനകളും, നാട്ടുകാരും ഏറ്റെടുത്തതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം സ്കൂൾ മാനേജ്മെന്റിന് മനസ്സിലായത്.
അതിനിടെ സംസ്ഥാനത്ത് തുടരെയുള്ള റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിട്ടുണ്ട്. റാഗിംഗ് പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സ്വീകരിക്കുന്ന കർക്കശ നടപടികളെ കുറിച്ച് പല സ്കൂളുകളും വിദ്യാർഥികൾക്ക് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപടി കടുപ്പിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാറും നിർദേശം നൽകിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ragging cases are rising in schools and colleges across the state, with managements being accused of inaction, especially in the wake of student suicides.
#Ragging, #StudentSafety, #Kottayam, #KeralaEducation, #RaggingCases, #EducationManagement