Ragging | മംഗ്ളൂറിൽ പഠിക്കുന്ന ജൂനിയർ വിദ്യാർഥികൾക്ക് നേരെ ട്രെയിനിൽ റാഗിംഗ്; വിദ്യാർഥിയെ കൊണ്ട് വണ്ടിയിലെ ശുചിമുറി കഴുകിപ്പിച്ചതായി പരാതി; 6 കോളജുകൾക്ക് നോടീസ് നൽകി പൊലീസ്
പ്രശ്‌നക്കാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അടക്കമുള്ള കടുത്ത നടപടിയുണ്ടാവുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്
കാസർകോട്: (KasaragodVartha) മംഗ്ളൂറിൽ പഠിക്കുന്ന ജൂനിയർ വിദ്യാർഥികൾക്ക് നേരെ ട്രെയിനിൽ റാഗിംഗെന്ന് പരാതി. കഴിഞ്ഞ ദിവസം ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാർഥിയെ കൊണ്ട് ട്രെയിനിലെ ശുചിമുറി കഴുകിപ്പിച്ചതായി സഹപാഠി പൊലീസിനെ ഫോൺ വഴി പരാതി അറിയിച്ചിരുന്നു. പൊലീസ് വിവരം അറിഞ്ഞു എത്തിയെങ്കിലും സീനിയർ വിദ്യാർഥികളോടുള്ള പേടികാരണം ഇരയായ വിദ്യാർഥി പരാതി നൽകാൻ തയ്യാറായില്ലെന്നാണ് പറയുന്നത്.
രാവിലെ ചെറുവത്തൂരിൽ നിന്ന് മംഗ്ളൂറിലേക്ക് പോകുന്ന പാസൻജർ ട്രെയിനിലും തൊട്ട് പിറകെ വരുന്ന മാവേലി എക്സ്പ്രസിലും തിരിച്ചു വൈകീട്ടുള്ള മംഗ്ളുറു - കണ്ണൂർ എക്സ്പ്രസിലുമാണ് റാഗിങ് അരങ്ങേറുന്നത്. മംഗ്ളൂറിനും മഞ്ചേശ്വരത്തിനും ഇടയിലാണ് തിരിച്ചുവരുമ്പോൾ പ്രധാനമായും റാഗിങ് നടക്കുന്നത്. വൈകീട്ടത്തെ പാസൻജർ ട്രെയിനിൽ ചില കമ്പാർട്മെന്റുകളിൽ സീനിയർ വിദ്യാർഥികൾ കൂട്ടത്തോടെ കയറുകയും ഒപ്പം ജൂനിയർ വിദ്യാർഥികളെയും കയറ്റുകയാണ് ചെയ്യുന്നത്. പിന്നീടാണ് റാഗിങ്ങ് അരങ്ങേറുന്നത്.
രാവിലെയുള്ള ചെറുവത്തൂർ പാസൻജറിലും സമാനമായ അവസ്ഥയാണ്. മുന്നൂറിലധികം വിദ്യാർഥികൾ ട്രെയിനിൽ ഒരേ സമയത്ത് യാത്ര ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. റാഗിംഗ് ഒഴിവാക്കാനായി ചില വിദ്യാർഥികൾ മുതിർന്നവർ കൂടി യാത്ര ചെയ്യുന്ന മാവേലി എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. കൂടുതലും റാഗിംഗ് ആണോ എന്ന് വ്യക്തമല്ലെന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങളും അടിപിടിയുമാണ് നടക്കുന്നതെന്നും ഇത് തടയാൻ കൂടുതൽ പൊലീസിനെ യൂണിഫോമിലും മഫ്തിയിലും നിയോഗിച്ചിട്ടുണ്ടെന്നും കാസർകോട് റൈയിൽവേ എസ്ഐ റെജി കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
കുട്ടികളുടെ അക്രമം തടയുന്നതിന് കൃത്യമായ ബോധവത്കരണവും ഉപദേശങ്ങളും നൽകണമെന്ന് കാണിച്ച് മംഗ്ളൂറിലെ ശ്രീനിവാസ്, അലോഷ്യസ് തുടങ്ങിയ ആറ് കോളജുകൾക്ക് നോടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കോളജിൽ പ്രശ്‌നം ഒന്നുമില്ലെന്നും ഇവിടെ റാഗിങ് വിരുദ്ധ സെൽ നിലവിലുണ്ടെന്നുമാണ് കോളജ് അധികൃതർ അറിയിച്ചത്. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ട്രെയിനിലെ യാത്രയ്ക്കിടയിലാണ് സംഭവങ്ങൾ നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം റാഗിങ് ശക്തമായതിനാൽ ട്രെയിനിൽ പൊലീസ് കാവൽ ഏർപെടുത്തിയതോടെയാണ് സംഭവങ്ങൾ കുറഞ്ഞുവന്നത്. മംഗ്ളൂറിനും കാസർകോടിനും ഇടയിൽ യാത്ര ചെയ്യുന്ന കുട്ടികളാണ് പ്രധാനമായും സംഘർഷം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. ചിലയിടങ്ങളിൽ നിന്ന് സർകാർ ഉദ്യോഗസ്ഥർ അടക്കമുള്ള യാത്രക്കാർ കയറുന്നതോടെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ലെന്നും പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയാണ് പ്രധാനമായും അക്രമങ്ങൾ നടക്കുന്നത്. അതുകൊണ്ട് പ്രശ്‌നക്കാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അടക്കമുള്ള കടുത്ത നടപടിയുണ്ടാവുമെന്നാണ് പൊലീസ് റാഗിങ് വീരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നത്.