Fraud | ക്യുആർ കോഡ് മാറ്റി സ്വന്തം ക്യുആർ കോഡ് വെച്ചു; 'പെട്രോൾ പമ്പിൽ നിന്ന് സൂപ്പർവൈസർ വിദഗ്‌ധമായി തട്ടിയെടുത്തത് 58 ലക്ഷത്തിലധികം രൂപ'!
● മംഗ്ളുരുവിലെ റിലയൻസ് ഫ്യുവൽ ഔട്ട്ലെറ്റിലാണ് സംഭവം.
● സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
മംഗ്ളുറു: (KasargodVartha) പെട്രോൾ പമ്പിലെ ക്യുആർ കോഡ് മാറ്റിസ്ഥാപിച്ച് സൂപ്പർവൈസർ 58.85 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബംഗ്ര കുളൂറിലെ റിലയൻസ് ഫ്യുവൽ ഔട്ട്ലെറ്റിലാണ് സംഭവം. പമ്പിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന മോഹൻദാസിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'പെട്രോൾ പമ്പിലെ സാമ്പത്തിക ഇടപാടുകളുടെ പൂർണ ചുമതല മോഹൻദാസിനായിരുന്നു. ഈ അവസരം മുതലെടുത്താണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. 2023 മാർച്ച് ഒന്ന് മുതൽ 2023 ജൂലൈ 31 വരെ, ഏകദേശം അഞ്ചു മാസത്തോളം ഇയാൾ ഈ തട്ടിപ്പ് തുടർന്നു.
പമ്പിലെ ഔദ്യോഗിക ക്യുആർ കോഡ് നീക്കം ചെയ്ത ശേഷം തന്റെ സ്വന്തം ക്യുആർ കോഡ് അവിടെ സ്ഥാപിക്കുകയായിരുന്നു. ഉപഭോക്താക്കൾ സ്കാൻ ചെയ്ത് അയച്ച പണം മോഹൻദാസിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് പോയത്. ഇങ്ങനെ 58,85,333 രൂപയാണ് ഇയാൾ തട്ടിയെടുത്തത്'.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റിലയൻസ് ഫ്യുവൽ ഔട്ട്ലെറ്റ് മാനേജർ മംഗ്ളുറു സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു.
#QRFraud #PetrolPumpScam #CyberCrime #Mangaluru #FraudAlert #Embezzlement