Controversy | 'ദുരന്തശേഷവും അല്ലു അര്‍ജുന്‍ ആളുകളെ അഭിവാദ്യം ചെയ്തു'; തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് തെലങ്കാന പൊലീസ്
● സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് കേസെടുത്തിരുന്നു.
● ആന്ധ്ര സ്വദേശിയായ രേവതിയാണ് മരിച്ചത്.
● കഴിഞ്ഞ ദിവസം തിരത്തിന്റെ വീടിനുനേരെ ആക്രമണമുണ്ടായി.
ഹൈദരാബാദ്: (KasargodVartha) പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് തന്നെ അറിയിച്ചില്ലെന്ന നടന്‍ അല്ലു അര്‍ജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നതായും യുവതി മരിച്ച വിവരം തിയറ്ററില്‍വച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായും ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
തിയറ്ററില്‍നിന്ന് പോകാന്‍ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം പാലിച്ചില്ല. ദുരന്തശേഷവും നടന്‍ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പുറത്തുവിട്ടു.
ഷോ പൂര്‍ത്തിയാകും മുന്‍പ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടന്‍ ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം അനുകൂലം അല്ലാത്തതിനാല്‍ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂര്‍ത്തിയാകും വരെ തിയേറ്ററില്‍ തുടരുമെന്ന് അല്ലു മറുപടി നല്‍കിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് എസിപി ഡിസിപിയെ ബാല്‍കാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം.
ആന്ധ്ര സ്വദേശിയായ രേവതി (39) ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുത്തത്. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റര്‍ വിട്ടെന്നായിരുന്നു അല്ലു അര്‍ജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
യുവതിയുടെ മരണത്തെ തുടര്‍ന്ന് അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലില്‍ കഴിയേണ്ടിവന്നു. അല്ലു അര്‍ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിയറ്ററില്‍ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിനുനേരെ ആക്രമണമുണ്ടായി. അതിക്രമിച്ചു കയറിയ ആളുകള്‍ വീടിനു കല്ലെറിഞ്ഞു. പൂച്ചെട്ടികള്‍ തകര്‍ത്തു. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
#AlluArjun #Pushpa2 #TeluguCinema #Bollywood #controversy #stampede #India #Hyderabad #CCTV
CCTV footage of #alluarjun leaving Sandhya Theatre at 11.34 pm. “This is a 30 min lag. He came out at 12.05 am,” said DCP Akshansh Yadav.
— Naveen Kumar (@crime_kumar) December 22, 2024
“Woman’s death & boy’s injury was conveyed during movie. He initially replied he will leave after show,” ACP Chikkadpally L. Ramesh Kumar. pic.twitter.com/bkjecfHgcT