Protest | പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്: പ്രതിക്കെതിരെ തെളിവെടുപ്പിനിടെ ജനരോഷം, വടിയും ചൂലുമായി സ്ത്രീകളും; പ്രതിയെ പുറത്തിറക്കാനായില്ല
വൈകിട്ട് കോടതിയില്‍ ഹാജരാക്കും
കാഞ്ഞങ്ങാട്: (KasargodVartha) ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി ഒരു കിലോമീറ്റര്‍ ദൂരെയുള്ള വയലില്‍ എത്തിച്ച് പീഡിപ്പിച്ച് കമ്മല്‍ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വന്‍ ജനരോഷം. സ്ത്രീകളും പുരുഷന്മാരുമടക്കം വലിയരീതിയിലുള്ള പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തിയത്. അറസ്റ്റിലായ കർണാടക കുടക് ജില്ലയിലെ സല്‍മാന്‍ എന്ന പി എ സലീമിനെയാണ് (33) ശനിയാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ചത്.
മുഖം മൂടി ധരിച്ചെത്തിച്ച സലീമിനെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കാനായില്ല. നൂറോളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. എന്നിട്ടും ജനരോഷത്തെ തുടര്‍ന്ന് തെളിവെടുപ്പ് കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പൊലീസ് പ്രതിയെയും കൊണ്ട് മടങ്ങുകയായിരുന്നു. മുഖം മറക്കേണ്ടവനല്ല, അവനെന്നും അവന്റെ മുഖം മൂടി അഴിക്കണമെന്നുമാണ് പ്രദേശവാസികള്‍ ആക്രോശിച്ചത്. അവനെ ഞങ്ങള്‍ക്ക് വിട്ടുതരണമെന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചില സ്ത്രീകള്‍ ചൂലും വടിയുമായാണ് എത്തിയത്.
നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വര്‍ഷങ്ങളായി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരതാമസക്കാരനാണ് ഇയാള്‍. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം യുവാവ് വീട്ടില്‍ നിന്ന് മാറിയത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാള്‍ തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. യുവാവിന്റെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് മേല്‍പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസിലും പ്രതിയാണ്. കുടകില്‍ മാല മോഷണ കേസുമുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചത്. മോഷണമായിരുന്നു ഉദ്ദേശമെന്നും, പെണ്‍കുട്ടി ശബ്ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് സലിം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. പിന്നാലെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും കുറ്റങ്ങളെല്ലാം സലിം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. കാഞ്ഞങ്ങാട്ട് തന്നെ പ്രതി സ്വര്‍ണം വിറ്റതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് കണ്ടെടുക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.