Protests | കാസർകോട്ടെ സമാധാനാന്തരീക്ഷം തകർക്കരുതെന്ന് രാഷ്ട്രീയ പാർടികളും സംഘടനകളും; മീപ്പുഗുരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

● സമാധാനം നിലനിൽക്കുന്ന കാസർകോട്ടും പരിസരത്തും വീണ്ടും വർഗീയ ചേരിതിരിവ് ഉണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമം.
● പ്രതിയെ പൊലീസ് പിടിച്ചെങ്കിലും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടി ആവശ്യമാണ്.
● രണ്ടാഴ്‌ച മുമ്പാണ് പ്രദേശത്തുതന്നെ നടുറോഡിൽ ബിയർ കുപ്പികൾ എറിഞ്ഞുപൊട്ടിച്ച് വലിയ ഒച്ചപ്പാടുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കാസർകോട്: (KasargodVartha) മീപ്പുഗുരി എസ്‌പി റോഡരികിൽ പുതുതായി ആരംഭിക്കുന്ന തുണിക്കടയുടെ പെയിന്റിങ് ജോലിയിലേർപ്പെട്ട എരിയാൽ സ്വദേശി ഇബ്രാഹിം ബാസിത് എന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഏറെക്കാലമായി വർഗീയ സംഘർഷങ്ങളില്ലാതെ സമാധാനപരമായി മുന്നോട്ട് പോകുന്ന കാസർകോട്ടെ സമാധാനാന്തരീക്ഷം തകർക്കരുതെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ മുന്ന എന്ന അക്ഷയ് യിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം
യുവാവിനെ വധിക്കാനുള്ള ആർഎസ്എസ് ശ്രമം നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ ന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം കാസർകോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനിൽക്കുന്ന കാസർകോട്ടും പരിസരത്തും വീണ്ടും വർഗീയ ചേരിതിരിവ് ഉണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമം. പുതിയ കട തുടങ്ങാനുള്ള പ്രവൃത്തിയിലേർപ്പെട്ട ഇബ്രാഹിം ബാസിതിനെയാണ് ആർഎസ്എസ്സുകാരനായ അക്ഷയ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
പ്രതിയെ പൊലീസ് പിടിച്ചെങ്കിലും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമ നടപടി ആവശ്യമാണ്. രണ്ടാഴ്‌ച മുമ്പാണ് പ്രദേശത്തുതന്നെ നടുറോഡിൽ ബിയർ കുപ്പികൾ എറിഞ്ഞുപൊട്ടിച്ച് വലിയ ഒച്ചപ്പാടുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതേ സംഘത്തിൽപെട്ടയാളാണ് ബാസിതിനെ വധിക്കാൻ ശ്രമിച്ചതും. റിയാസ് മൗലവി വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടതോടെ വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്. സമഗ്രമായ അന്വേഷണം നടത്തി അക്രമത്തിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഏരിയ സെക്രട്ടറി ടിഎംഎ കരീം ആവശ്യപ്പെട്ടു.
ഛിദ്രശക്തികളെ പൊലീസ് അടിച്ചമർത്തണമെന്ന് മുസ്ലിം ലീഗ്
നാടിനെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഛിദ്ര ശക്തികളുടെ നീക്കങ്ങളെ പൊലീസ് ശക്തിയുക്തം അടിച്ചമർത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന കാസർകോടും സമീപ പ്രദേശങ്ങളിലും അനാവശ്യമായ ആക്രമണങ്ങൾ നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ചില സാമൂഹ്യ ദ്രോഹികൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവിൽ പതിയിരുന്ന് സംഘം ചേർന്ന് ആക്രമിക്കുന്ന സ്ഥിതി വർദ്ധിച്ചു വരികയാണ്. രാത്രി കാലങ്ങളിൽ അലഞ്ഞു തിരിയുന്ന സാമൂഹ്യ ദ്രോഹികളെ പിടികൂടാനും ശിക്ഷിക്കാനും നടപടി വേണം.
കഴിഞ്ഞ ദിവസം മധൂർ മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയിൽ പെയിന്റടിക്കുന്നതിനിടെ എരിയാലിലെ ബാസിത് എന്ന യുവാവിനെ മാരകമായി കുത്തി മുറിവേൽപ്പിച്ചത് ഒട്ടനവധി ക്രിമിനൽ കേസുകളിലെയും കൊലക്കേസുകളിലെയും പ്രതിയും സംഘ്പരിവാർ സംഘടന പ്രവർത്തകനുമെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാസർകോടും പരിസര പ്രദേശങ്ങളിലും കാലാകാലങ്ങളായി നടന്ന കൊലക്കേസ് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളെ പൊലീസ് അന്വേഷണത്തിലെ പിഴവുകൾ മൂലം വിട്ടയച്ചത് കൊണ്ടാണ് അത്തരം കേസുകളിലെ പ്രതികൾ തന്നെ വീണ്ടും ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.
അകാരണമായി ബാസിത്തിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനും നാടിന്റെ സമാധാനന്തരീക്ഷം നിലനിർത്താനും പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുല്‍ റഹിമാൻ, വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, സെക്രട്ടറിമാരായ ടി.സി.എ റഹ്മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി എന്നിവർ അഡീഷണൽ എസ്.പി പി ബാലകൃഷ്ണൻ നായരെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
കുത്തേറ്റ് മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാസിത്തിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി ഹാരിസ് ചൂരി, അൻവർ കോളിയടുക്കം എന്നിവർ സന്ദർശിച്ചു.
ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ്
യുവാവിനെ ഒരു കാരണവുമില്ലാതെ കുത്തിപരിക്കേൽപ്പിച്ച് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘപരിവാർ നടപടിക്കെതിരെ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും, നിരന്തരമായി ഇങ്ങനെയുള്ള പ്രശ്നങ്ങൾ നടക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മധൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ബികെ ശംസുദ്ദീൻ, ജനറൽ സെക്രട്ടറി മജീദ് പട്ല, ട്രഷറർ ഹബീബ് ചെട്ടുംകുഴി എന്നിവർ പറഞ്ഞു.
കാസർകോട്: മധൂർ പഞ്ചായത്ത് മീപ്പുഗിരി പാറക്കെട്ട് റോഡിൽ അകാരണമായി കുത്തേറ്റ് മംഗലപുരം ആശുപത്രിയിൽ ചികിത്സയിലുള്ള ബാസിത്തിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി ഹാരിസ് ചൂരി , അൻവർ കോളിയടുക്കം എന്നിവർ സന്ദർശിച്ചു.
നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്ന് എസ്കെഎസ്എസ്എഫ്
എരിയാലിലെ ബാസിത് എന്ന ചെറുപ്പക്കാരനെ ആയുധം ഉപയോഗിച്ചു വെട്ടിയ സംഭവം ഗൗരവത്തിലെടുത്ത് പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ധീൻ ദാരിമി പടന്ന, കാസർകോട് ജില്ല പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ല ട്രഷറർ സഈദ് അസ്അദി, വർക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം എന്നിവർ സംയുക്ത വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
കട തുടങ്ങാനുള്ള ജോലി കടയിൽ നടന്നുകൊണ്ടിരിക്കെ ചിലർ വന്ന് ഇവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിക്കുകയും പുതിയ കട തുടങ്ങാനുള്ള ഒരുക്കങ്ങളാണെന്ന് അറിയിച്ചപ്പോൾ ഇവിടെ ഒരു കടയും തുടങ്ങേണ്ട എന്ന് പറഞ്ഞു ആയുധമെടുത്ത് ഓടിച്ചു എന്നാണ് അറിയാൻ സാധിച്ചത്. കാസർകോട്
സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിൻ്റ മുമ്പിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ നൽകണമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിഎ സവാദ്
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഗൂഢാലോചനയടക്കമുള്ള മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കാസർകോട് ജില്ലാ പ്രസിഡന്റ് സിഎ സവാദ് ആവശ്യപ്പെട്ടു. ചെറിയ ഇടവേളക്ക് ശേഷം സംഘ്പരിവാർ വീണ്ടും കാസർകോടിനെ അശാന്തിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.
അടുത്തിടെ ചൂരിയിലും സമാനശ്രമങ്ങൾ നടന്നതായാണ് അറിവ്. സംഘ്പരിവർ ക്രിമിനലുകൾക്ക് ആഭ്യന്തരവകുപ്പുകളിൽ നിന്നും കിട്ടുന്ന പ്രവിലേജും ബന്ധപ്പെട്ടവർ ഗൂഢാലോചനകൾ പുറത്ത് കൊണ്ട് വരാത്തതും ഇത്തരം ക്രിമിനകൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവിയുടെ ഓഫീസിന്റെ മൂക്കിനു താഴെ നടന്ന ആക്രമണത്തിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് ജാഗ്രത കാട്ടണമെന്നും സിഎ സവാദ് കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
മീപ്പുഗിരിയിൽ യുവാവിനെതിരെയുള്ള അക്രമം ജനങ്ങൾ ആശങ്കയോടെയും ഭയത്തോടെയും ആണ് കാണുന്നതെന്നും അക്രമികൾക്കെതിരെ കർശനവും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു. കാസർകോട്ടും പരിസരത്തും കുറച്ച് കാലമായിട്ട് നാനാ വിഭാഗം ജനങ്ങളും വളരെ സൗഹാർദപരമായും സമാധാനത്തോടെയും ആണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഇത് ഉൾക്കൊള്ളാൻ കഴിയാത്തവരാണ് അക്രമത്തിന് പിന്നിൽ.
കഴിഞ്ഞ കാലങ്ങളിൽ നടന്ന അക്രമ കേസുകളിൽ കൃത്യമായ അന്വേഷണം നടക്കാത്തതും കർശനമായ ശിക്ഷ ഉറപ്പാക്കാൻ കഴിയാത്തതും ആണ് കഴിഞ്ഞകാല കേസുകളിലെ പ്രതികൾ വീണ്ടും ഇത്തരം അക്രമം നടത്താൻ ധൈര്യം കാണിക്കുന്നത്. പലപ്പോഴും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിന്റെ ആനുകൂല്യം വെച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കാറുണ്ട്.
ചൂരിയിലും പരിസരപ്രദേശങ്ങളിലും അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് പരിസര പ്രദേശങ്ങളിലെ ജനങ്ങളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന ഈ സംഭവങ്ങളിൽ പൊലീസ് ഊർജിതമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ഫാസിസത്തെ അടിച്ചമർത്തണമെന്ന് എസ്ഡിപിഐ
മീപ്പുഗിരിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവം സംഘപരിവാർ ഫാസിസത്തിന്റെ ഒടുവിലത്തെ സംഭവമാണെന്ന് എസ്ഡിപിഐ കാസർകോട് മണ്ഡലം നേതാക്കൾ. നാട്ടിൽ പേര് ചോദിച്ച് അക്രമിക്കലും കച്ചവടം ആര് ചെയ്യണമെന്നും, സാധനങ്ങൾ വിൽക്കേണ്ടതും വാങ്ങേണ്ടതും ആർഎസ്എസ് ശാഖയിൽ നിന്ന് തീരുമാനിക്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയെയും സ്വതന്ത്രത്തെയും വെല്ലു വിളിക്കുന്നതാണ്. ഇത്തരം ഫാസിസം നാടിനെ നശിപ്പിക്കും.
യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ ഗുഢാലോചനയടക്കം പുറത്ത് കൊണ്ട് വരണമെന്നും ഭാരവാഹികളായ സകരിയ കുന്നിൽ, കബീർ ബ്ലാർകോട്, സമീർ ആസാദ് നഗർ, ഇസ്ഹാഖ് അറന്തോട് തുടങ്ങിയവർ ആവശ്യപ്പെട്ടു. എസ്ഡിപിഐ ഭാരവാഹികൾ മംഗ്ളൂരിലെ ആശുപത്രിയിലെത്തി യുവാവിനെ സന്ദർശിച്ചു.
പന്തംകൊളുത്തി പ്രകടനം നടത്തി
യുവാവിന് കുത്തേറ്റ സംഭവത്തിൽ ചൂരി ഐക്യവേദിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഈ വാർത്ത പങ്കുവെക്കൂ! സമാധാനത്തിനും നിയമത്തിനും വേണ്ടി ഇത്തരത്തിലുള്ള സംഭവങ്ങളിൽ ശക്തമായ നടപടികൾ ആവശ്യമാണ്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു.
Protests have erupted in Kasaragod following the stabbing of a youth in Meepuguri. Political parties and social organizations are demanding strict actions to maintain peace in the region.
#Kasaragod #Violence #Meepuguri #Protests #YouthAttack #PeaceMaintained