Protest | ഗഫൂർ ഹാജിയുടെ ഭാര്യ പ്രതികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു; പൂച്ചക്കാട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കയ്യേറ്റ ശ്രമവും നാടകീയ രംഗങ്ങളും
● കൊണ്ടുവന്നത് വൻ സുരക്ഷാ സന്നാഹത്തോടെ
● പൊലീസ് ലാത്തിചാർജ് നടത്തി ആളുകളെ നിയന്ത്രിച്ചു
● അന്വേഷണ ഉദ്യോഗസ്ഥന് അഭിവാദ്യം
ബേക്കൽ: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്‌മയിലെ എം സി അബ്ദുല്‍ ഗഫൂർ ഹാജി (55) യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളിൽ മൂന്ന് പേരെ വ്യാഴാഴ്ച വൈകീട്ടോടെ ഗഫൂർ ഹാജിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. അനവധി ആളുകളാണ് വീട്ടിലും പരിസരങ്ങളിലുമായി തടിച്ച് കൂടിയാണ്.
വൻ സുരക്ഷാ സന്നാഹത്തോടെ നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), ഭർത്താവ് ഉബൈസ് (38), മറ്റൊരു പ്രതി അസ്നീഫ (34) എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്. ഏറെ പണിപ്പെട്ടാണ് പ്രതികളെ വീട്ടിന് അകത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. തെളിവെടുപ്പിന്റെ ഭാഗമായി ഗഫൂർ ഹാജിയുടെ ഭാര്യയെ പൊലീസ് വിളിച്ചപ്പോൾ പ്രതികൾക്ക് മുന്നിൽ അവർ പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങൾക്ക് കാരണമായി. ഗഫൂർ ഹാജിയുടെ മക്കളും ബന്ധുക്കളും അടക്കം നിരവധി പേർ വീട്ടിനകത്ത് ഉണ്ടായിരുന്നു.
തെളിവെടുപ്പ് കഴിഞ്ഞ് തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടത്തിൽ നിന്ന് പ്രതികൾക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പ്രകോപിതരായ ആളുകളെ പിരിച്ചുവിടാൻ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു. ഇതിന് ശേഷമാണ് പ്രതികളെ വാഹനത്തിൽ എത്തിച്ച് തിരിച്ചുകൊണ്ടു പോയത്. ഇതിനിടയിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസന് അഭിവാദ്യം അർപ്പിച്ചും ആളുകൾ മുദ്രവാക്യം വിളിച്ചു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
#KasargodMurder #JusticeForGafoor #KeralaNews #IndiaNews #Crime