Booked | 'ട്രെയിൻ തട്ടി മരിച്ച പ്രവാസിയുടെ മൃതദേഹം പാളത്തിൽ നിന്ന് മാറ്റുന്നത് തടഞ്ഞു', 2 പേർക്കെതിരെ കേസെടുത്ത് പൊലീസ്
● 'പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി'
● ട്രാക്കിൽ കയറി അസഭ്യം പറഞ്ഞതായും പരാതി.
● ദീപക്, സജിത്ത് എന്നിവരാണ് കേസിൽ പ്രതികൾ
കാഞ്ഞങ്ങാട്: (KasargodVartha) ട്രെയിൻ തട്ടി മരിച്ച പ്രവാസിയുടെ മൃതദേഹം റെയിൽ പാളത്തിൽ നിന്ന് മാറ്റുന്നത് തടസ്സപ്പെടുത്തിയെന്നതിന് രണ്ടുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കൊവ്വൽപള്ളി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന സുനിൽ കുമാറിനെ (50) യാണ് ബുധനാഴ്ച വൈകുന്നേരം കുശാൽനഗർ കല്ലംചിറക്ക് സമീപം റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയതായിരുന്നു സുനിൽ കുമാർ. വിവരത്തെ തുടർന്ന് ഹൊസ്ദുർഗ് എസ്ഐ സി വി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപക്, സജിത്ത് എന്നിവർ സ്ഥലത്തെത്തി പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. 'ഞങ്ങൾ അറിയാതെ മൃതദേഹം മാറ്റാൻ പറ്റില്ല', എന്ന് പറഞ്ഞ് ഇരുവരും ട്രാക്കിൽ കയറുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
അപ്പൂഞ്ഞി-തങ്കമണി ദമ്പതികളുടെ മകനാണ് സുനിൽ കുമാർ. ഭാര്യ രജനി. മക്കൾ: കെ വി പൂജ, കെ വി ദേവിക. സഹോദരങ്ങൾ: ബിജു, അജയൻ, സുജാത. സുനിൽ കുമാറിൻ്റെ ആകസ്മികമായ മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
#Kanhangad #ExpatriateDeath #PoliceObstruction #KeralaPolice #CrimeNews #India