Explanation | മുഹമ്മദ് ഹാജി വധം: 'പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കില്ല'; കൃത്യമായ തെളിവുകളും മൊഴികളും ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ കെ പി പ്രദീപ് കുമാർ
'കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിൽ കേസ് അന്വേഷിച്ചതും ആയുധങ്ങൾ കണ്ടെടുക്കുന്നത് കണ്ട സാക്ഷികൾ ഉൾപെടെ കൃത്യമായി മൊഴി നൽകിയതും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് സാധിച്ചു'
കാസർകോട്: (KasargodVartha) അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നതിൽ മകൻ അടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴികൾ നിർണായകമായതായി പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. കെ പി പ്രദീപ് കുമാർ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ നല്ല രീതിയിൽ കേസ് അന്വേഷിച്ചതും ആയുധങ്ങൾ കണ്ടെടുക്കുന്നത് കണ്ട സാക്ഷികൾ ഉൾപെടെ കൃത്യമായി മൊഴി നൽകിയതും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് സാധിച്ചു. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 341, 302 റീഡ് വിത് 34 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 302 റീഡ് വിത് 34 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 341 പ്രകാരം മൂന്ന് മാസം കഠിനതടവുമാണ് ശിക്ഷ.
ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കൊണ്ട് പ്രതികൾ റിമാൻഡ് കാലാവധി അനുഭവിച്ച ശിക്ഷയ്ക്ക് ഇളവ് ഉണ്ടാകില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മൂന്നാം പ്രതിക്ക് സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്ന് പ്രതിയുടെ സ്‌കൂൾ സർടിഫികറ്റ് പരിശോധിച്ചതിൽ നിന്നും കോടതി കണ്ടെത്തിയിരുന്നു. കൊലനടക്കുമ്പോൾ തന്നെ പ്രതിക്ക് 18 വയസും എട്ട് മാസവും തികഞ്ഞിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.