Case | നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഈ മാസം 29ന്

● കെടി നിസാര്‍ അഹമ്മദാണ് വാദം കേട്ടത്
● ജാമ്യം ലഭിച്ചാല്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യലിന് തയാറാണെന്ന് ദിവ്യ
● നവീന്‍ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ആവര്‍ത്തിച്ചു
● ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷനും പൊലീസും
തലശ്ശേരി: (KasargodVartha) മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെടി നിസാര്‍ അഹമ്മദാണ് വാദം കേട്ടത്. ജാമ്യം ലഭിച്ചാല്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യലിന് തയാറാണെന്ന് ദിവ്യ കോടതിയെ അറിയിച്ചു.
എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. അഭിഭാഷകനായ കെ വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. മരണം നടന്നതിന് പിന്നാലെ കാണാതായ ദിവ്യ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ജില്ലാ കലക്ടര്‍ യാത്രയയപ്പ് യോഗത്തിലേക്ക് അനൗദ്യോഗികമായി ക്ഷണിച്ചിരുന്നതായാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണ് കലക്ടര്‍ ചോദിച്ചത്. യോഗത്തിന് വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു.
നവീന്‍ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവര്‍ത്തിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പൊലീസും എതിര്‍ത്തു. എന്നാല്‍ നിയമപരമായി ജാമ്യം ലഭിക്കാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചതായി ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാദം കേള്‍ക്കാനും റിപ്പോര്‍ട്ടിനുമായി വ്യാഴാഴ്ചത്തേക്കു വയ്ക്കുകയായിരുന്നു.
ജാമ്യാപേക്ഷയെ എതിര്‍ത്തു കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പിഎം സജിത വക്കാലത്ത് നല്‍കിയിരുന്നു. കുടുംബത്തിന് വേണ്ടി ഹൈകോടതി അഭിഭാഷകന്‍ ജോണ്‍ എസ് റാല്‍ഫ് ഹാജരായി.
#PPDivya, #NaveenBabu, #bailplea, #deathcase, #KeralaNews, #IndianNews