Investigation | ശ്രുതിയുടെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടിത്തരിച്ച് നാട്; പ്രതികരിക്കുന്നവരെയെല്ലാം കേസിൽ കുടുക്കിയെന്ന് ആരോപണം; ദുർനടപ്പ് ചോദ്യം ചെയ്തതിന് തന്നെ പോലും കേസിൽ കുടുക്കിയെന്ന് അമ്മാവൻ
കാസർകോട്: (KasargodVartha) ഹണിട്രാപിലൂടെ മോഹവലയത്തിൽ കുടുക്കി പണവും സ്വർണവും തട്ടി നിരവധി പേരുടെ ജീവിതം തുലച്ചുവെന്ന് ആരോപണവിധേയായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രുതി എന്ന യുവതിയുടെ ലീലാവിലാസങ്ങൾ കേട്ട് നാട് ഞെട്ടിത്തരിച്ചു. പ്ലസ് ടു തോറ്റ യുവതിക്കെതിരെയുള്ള ആരോപണങ്ങളിൽ അമ്പരന്ന് മൂക്കത്ത് വിരൽവെക്കുകയാണ് പ്രദേശവാസികൾ.
ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലെ മറ്റ് പ്ലാറ്റ് ഫോമുകളിലൂടെയും പരിചയപ്പെടുന്ന യുവാക്കളോട് ഐഎസ്ആർഒയിലെയും ഇൻകം ടാക്സ് വകുപ്പിലെയും ജീവനക്കാരിയാണെന്ന് പരിചയപ്പെടുത്തിയാണ് ശ്രുതി ഹണിട്രാപിൽ കുടുക്കുന്നതെന്നാണ് പരാതി. ഇത്തരത്തിൽ യുവതിയുടെ ചതിയിൽ കുടുങ്ങിയതായി കാട്ടി അഖിലേഷ് എന്ന യുവാവ് നൽകിയ പരാതിയിലാണ് ശ്രുതിക്ക് ഒടുവിൽ പിടിവീണിരിക്കുന്നത്.
വിവാഹ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപയും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും കൈവശപ്പെടുത്തി ചതിച്ചുവെന്ന പരാതിയിലാണ് ശ്രുതിക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. 19-ാം വയസിൽ വിവാഹിതയായ ഈ 35കാരിക്ക് ഭർത്താവും രണ്ട് ആൺമക്കളുമുണ്ട്. ശ്രുതി മക്കളെ കൊണ്ട് വിളിപ്പിക്കുന്നത് ആന്റിയെന്നും ചേച്ചിയെന്നുമാണെന്നാണ് പറയുന്നത്. ഗൾഫുകാരനായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകിയിട്ടുണ്ട്. എതിർക്കുന്നവരെയെല്ലാം കേസിൽ കുടിക്കുക എന്നതാണ് ശ്രുതിയുടെ ഒരു രീതിയെന്നാണ് ആക്ഷേപം.
തോന്നിയ സമയത്ത് പോവുകയും വരികയും ചെയ്യുന്നത് കണ്ട് വഴക്ക് പറഞ്ഞതിന് തന്നെ പോലും കേസിൽ കുടുക്കിയെന്ന് യുവതിയുടെ അമ്മാവൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ശ്രുതിയുടെ വൃദ്ധമാതാവായ തന്റെ സഹോദരിയെ കൊണ്ടാണ് അക്രമിച്ചുവെന്ന് പറഞ്ഞു തനിക്കും ഭാര്യക്കും നേരെ കേസ് കൊടുത്തത്. ഈ കേസ് ഹൊസ്ദുർഗ് കോടതിയുടെ പരിഗണയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നല്ല കുടുംബിനിയായി തന്നെ ശ്രുതി ജീവിച്ചിരുന്നുവെന്നും പിന്നീടാണ് മാറ്റം കണ്ടതെന്നും ബന്ധുക്കൾ സൂചിപ്പിക്കുന്നു. ബന്ധുക്കളായ പലരുടെയും സ്വർണമാല വിവാഹത്തിനും മറ്റും ധരിക്കാനെന്ന് പറഞ്ഞ് തിരിച്ച് നൽകാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. മലയോരത്തെ ഭർതൃവീട്ടിൽ നിന്നും കുറച്ചുകാലമായി മാറി സ്വന്തം വീട്ടിലാണ് യുവതി താമസിക്കുന്നത്.
ഇവർക്ക് ഒരു സഹോദരൻ ഉണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ശ്രുതി തന്നെയാണെന്നാണ് അറിയുന്നത്. നിരവധി പേരാണ് ശ്രുതിക്കെതിരെ പരാതിയുമായി വീട് അന്വേഷിച്ച് വരുന്നതെന്ന് പ്രദേശവാസികളും വെളിപ്പെടുത്തി. പാമ്പ് കടിച്ചെന്ന് പറഞ്ഞ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രുതി, ആശുപത്രിയിൽ നിന്ന് പരിചയപ്പെട്ട ക്ഷേത്ര ആചാരക്കാരനോട് ഒന്നര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. ഇദ്ദേഹം പലതവണ യുവതിയെ അന്വേഷിച്ച് നാട്ടിൽ വന്നിരുന്നതായും എന്നാൽ നാണക്കേട് ഭയന്ന് യുവതിയുടെ വീട്ടിൽ പോയിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നിരവധി യുവാക്കളെ യുവതി സമർഥമായി പറ്റിച്ചതായും പറയുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട യുവാവിനെതിരെ മംഗ്ളൂറിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് ജയിലിലായതോടെയാണ് ശ്രുതിക്കെതിരായ ആരോപണങ്ങൾ പുറത്തുവരാൻ കാരണമായത്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ അമ്മയുടെ സ്വർണാഭരങ്ങൾ തട്ടിയെടുത്തതിന് പിന്നാലെയാണ് യുവാവിനെ പീഡനക്കേസിൽ കുടുക്കി ജയിലിലാക്കിയതെന്നാണ് ആക്ഷേപം. ഈ യുവാവിൽ നിന്ന് മാത്രം അഞ്ച് ലക്ഷം തട്ടിയതായാണ് വിവരം. ഇപ്പോൾ മേൽപറമ്പ് പൊലീസിൽ യുവതിക്കെതിരെ പരാതി നൽകിയ യുവാവിനെതിരെ ശ്രുതി വനിതാ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ അന്വേഷണം നടത്തിയ വനിതാ സെൽ എസ്ഐ യുവതി പറയുന്ന കാര്യങ്ങൾ സത്യസന്ധമല്ലെന്ന് വ്യക്തമാക്കി കേസടുക്കാൻ തയ്യാറായിരുന്നില്ലെന്നും പറയുന്നു. ഇതിന്റെ പേരിൽ, തന്നെ മർദിച്ചുവെന്നാരോപിച്ച് വനിതാ സെൽ എസ്ഐക്കെതിരെ ശ്രുതി കഴിഞ്ഞയാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വാർത്താസമ്മേളനം നടത്തേണ്ട സമയത്ത് എത്താത്തതിനെ തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യുവതി സ്വിച് ഓഫ് ചെയ്‌ത് മുങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.
വാർത്താസമ്മേളനം വിളിച്ചപ്പോൾ തന്നെ യുവതിയുടെ തരികിടകൾ ഏതാണ്ട് പുറത്തുവന്നിരുന്നുവെന്ന് പറയുന്നുണ്ട്. വാട്സ്ആപ് നമ്പർ ശേഖരിച്ച് പല യുവാക്കളെയും വീഡിയോ കോൾ വിളിച്ചാണ് യുവതി പ്രലോഭിപ്പിക്കുന്നതെന്നും യുവതിയുടെ സൗന്ദര്യത്തിൽ മയങ്ങി വീഴുന്ന യുവാക്കളെ വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് വലയിൽ കുരുക്കി അവരുടെ കയ്യിൽ ഉള്ളതെല്ലാം ഊറ്റിയെടുക്കുന്നതെന്നുമാണ് പരാതി.
നിർധന കുടുംബത്തിലെ അംഗമായ ശ്രുതി ഭർതൃവീട്ടിൽ രണ്ട് യുവാക്കളെ താമസിപ്പിക്കാൻ ശ്രമിച്ചതോടെ ഭർതൃമാതാവ് വീട്ടിൽ കയറ്റിയിരുന്നില്ലെന്നും ഇതിന് പിന്നാലെയാണ് യുവതി ഭർത്താവിനെതിരെ വിവാഹ മോചന ഹർജിയുമായി രംഗത്തുവന്നതെന്നുമാണ് സൂചന. ഗൾഫിലുള്ള ഭർത്താവ് കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി കൃത്യമായ തുക ഇപ്പോഴും അയച്ചുകൊടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം യുവതി തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്ന് പറയുന്ന പണം എന്തുചെയ്തുവെന്നതിൽ ആർക്കും ഒരു എത്തും പിടിയുമില്ല. യുവതിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പരാതിയുമായി പൊലീസിൽ പോയാൽ ഉന്നതരായ പലരെയും കൂട്ടുപിടിച്ച് കേസ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
രണ്ട് മക്കളെയും മാതാവിനൊപ്പം നിർത്തി ശ്രുതി ഇപ്പോൾ നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണെന്നാണ് സൂചന. യുവതിയെ അന്വേഷിച്ച് മേൽപറമ്പ് പൊലീസ് തിങ്കളാഴ്ച വീട്ടിൽ പോയിരുന്നു. യുവതിക്കെതിരെ പലരും വാക്കാൽ പരാതി നൽകുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ മുന്നോട്ട് വരുന്നില്ലെന്നാണ് കേസ് അന്വേഷിക്കുന്ന മേൽപറമ്പ് പൊലീസ് പറയുന്നത്. യുവതിയുടെ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസിന്റെ പ്രതികരണം.