'സ്കൂട്ടർ കത്തിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി': 15-കാരൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വൈറലാകുന്നു
● ഹെൽമെറ്റ് നിർബന്ധിച്ച് വാങ്ങിപ്പിച്ചതായും കുട്ടി ആരോപിച്ചു.
● പോലീസുകാരൻ ക്ഷമാപണം നടത്തിയതോടെ പരാതി പിൻവലിച്ചു.
● 'പാട്ട വണ്ടിയും കൊണ്ട് എവിടെ പോകുന്നു' എന്ന് ചോദിച്ചതായി വെളിപ്പെടുത്തൽ.
● സ്കൂളിൽ പോകേണ്ട തനിക്ക് കളിയാക്കലിന് ഇടയാക്കില്ലേയെന്ന് ചോദ്യം.
കാഞ്ഞങ്ങാട്: (KasargodVartha) പോലീസുകാരൻ റീൽസിനായി ചിത്രീകരിച്ച ബൈക്ക് യാത്രയുടെ പേരിൽ, 15 വയസ്സുകാരൻ്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. തൻ്റെ സ്കൂട്ടർ പോലീസ് കത്തിക്കുമെന്നും മൂന്ന് മണിക്കൂറോളം സ്റ്റേഷനിൽ പിടിച്ചിരുത്തുമെന്നും കുട്ടി വീഡിയോയിൽ വെളിപ്പെടുത്തുന്നു.
പോലീസുകാരൻ റീൽസിട്ടത് കാരണം തൻ്റെ വീട്ടിലേക്ക് നൂറുകണക്കിന് കോളുകളാണ് വന്നതെന്നും, സ്കൂളിൽ പോകേണ്ട തനിക്ക് ഇത് കളിയാക്കലിന് ഇടയാക്കില്ലേയെന്നും കുട്ടി ചോദിക്കുന്നുണ്ട്.
നിർബന്ധിച്ച് ഹെൽമെറ്റ് വാങ്ങിപ്പിച്ചതായും, കുറേ കാലമായി തൻ്റെ സ്കൂട്ടർ തേടിനടന്നെന്നും 'നീ തന്നെ വന്നുപെട്ടു' എന്നും പോലീസ് പറഞ്ഞതായി കുട്ടി നാട്ടുകാരോട് വീഡിയോയിൽ വെളിപ്പെടുത്തി.
‘പാട്ട വണ്ടിയും കൊണ്ട് എവിടെ പോകുന്നു’ എന്ന് ചോദിച്ചാണ് തന്നെ തടഞ്ഞു നിർത്തിയത്. തനിക്ക് കഴിയുന്ന രീതിയിലുള്ള വണ്ടിമാത്രമല്ലേ വാങ്ങാൻ കഴിയൂ എന്നും മറ്റേതെങ്കിലും വണ്ടി വാങ്ങാൻ അവർ പൈസ തരുമോ എന്നും കുട്ടി ചോദിക്കുന്നു.
വീട്ടിലെത്തി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പലരും വീട്ടിലേക്ക് വിളിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസുകാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്. അഞ്ച് മിനിറ്റുകൊണ്ട് പതിനൊന്നായിരം പേരാണ് ആ വീഡിയോ കണ്ടത്. ഇത് തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും കുട്ടി പറയുന്നു.
ലൈസൻസ് ആവശ്യമില്ലാത്തതും ഹെൽമെറ്റ് നിർബന്ധമില്ലാത്തതുമായ ഇലക്ട്രിക് സ്കൂട്ടറാണ് താൻ ഓടിച്ചത്. എന്നിട്ടും എന്തിനാണ് തന്നെ പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് ഹെൽമെറ്റ് വാങ്ങിപ്പിക്കുകയും ചെയ്തതെന്ന് കുട്ടി ചോദ്യം ചെയ്യുന്നു. സംഭവത്തിൽ പോലീസുകാരൻ ക്ഷമാപണം നടത്തിയതോടെ കുട്ടിയും വീട്ടുകാരും പരാതി പിൻവലിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: A 15-year-old's video claiming police harassment over a scooter reel goes viral.
#KeralaPolice #ViralVideo #ScooterControversy #ChildRights #Reels #KeralaNews






