കാസർകോട് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ പൊലീസ് ജീവനക്കാരന് ഗുരുതര പരിക്ക്: കാൽ അറ്റുപോയി
● 50 മീറ്ററോളം ദൂരം ബാബുരാജിനെ ലോറി വലിച്ചുകൊണ്ടുപോയി.
● അഗ്നിശമന സേന 'എയർ ബേസ്' ഉപകരണം ഉപയോഗിച്ച് ലോറി ഉയർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
● അപകടത്തിന് പിന്നാലെ ബാബുരാജ് തന്നെ മൊബൈലിൽ ബന്ധുക്കളെ വിവരമറിയിച്ചത് ദൃക്സാക്ഷികളെ അത്ഭുതപ്പെടുത്തി.
● ചെങ്കള ആസ്റ്റർ മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ബാബുരാജിനെ വിധേയനാക്കി.
● കാസർകോട് പൊലീസ് ഡിപ്പാർട്ട്മെന്റിലെ പാർട്ട് ടൈം ശുചീകരണ ജീവനക്കാരനാണ് ബാബുരാജ്.
● എം ജി റോഡിൽ നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്.
കാസർകോട്: (KasargodVartha) പുതിയ ബസ് സ്റ്റാൻഡിന് സമീപം നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെട്ട് പൊലീസ് ജീവനക്കാരന്റെ കാൽ അറ്റുപോയി. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിന്റെ (64) ഇടതു കാലാണ് അറ്റുപോയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
എം ജി റോഡിൽ നിന്നും വരികയായിരുന്ന KL 71 H 1011 നമ്പർ നാഷണൽ പെർമിറ്റ് ലോറി ദേശീയപാതയിൽ കയറി മംഗളൂരു ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ഇതേ ദിശയിൽ ലോറിയുടെ ഇടതുവശത്തുകൂടി വന്ന KL 14 U 3405 നമ്പർ സ്കൂട്ടർ വിദ്യാനഗർ ഭാഗത്തേക്ക് പോകാനായി വെട്ടിച്ചപ്പോൾ ലോറിയുടെ മുൻവശത്തെ ടയറിനടിയിൽപ്പെടുകയായിരുന്നു. സ്കൂട്ടർ സഹിതം ബാബുരാജ് ലോറിക്കടിയിൽപ്പെട്ട് 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി. ഡ്രൈവർക്ക് സ്കൂട്ടർ വരുന്നത് കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
ഓടിക്കൂടിയവർ അറിയിച്ചതിനെ തുടർന്ന് കാസർകോട് അഗ്നിശമന സേന സ്ഥലത്തെത്തി. 'എയർ ബേസ്' എന്ന ഉപകരണം ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ലോറിയുടെ മുൻഭാഗം ഉയർത്തി ബാബുരാജിനെ പുറത്തെടുത്തു. അദ്ദേഹത്തെ ഉടൻ തന്നെ ചെങ്കള ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകാലിന്റെ മുട്ടിന് താഴെ ചതഞ്ഞുപോയിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർ ഓഫീസർമാർ പറഞ്ഞു.
അപകടം സംഭവിച്ച് കാൽ അറ്റുപോയിട്ടും അപാരമായ മനസാന്നിധ്യം പ്രകടിപ്പിച്ച ബാബുരാജ്, തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അപകടവിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേന എത്തുമ്പോൾ ലോറിക്കടിയിൽ സ്കൂട്ടറിൽ ഇരിക്കുന്നത് പോലെയായിരുന്നു ഇദ്ദേഹത്തിന്റെ അവസ്ഥ. ജീൻസ് പാന്റിന്റെ കാലിന്റെ ഭാഗത്തുനിന്ന് ധാരാളം രക്തം റോഡിൽ വാർന്നുപോയിരുന്നു.
കാസർകോട് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പാർട്ട് ടൈം ശുചീകരണ ജോലി (പി ടി എസ്) ചെയ്തുവരികയാണ് ബാബുരാജ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചയോടെ ശസ്ത്രക്രിയ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് സിറാജുദ്ദീൻ, നൗഫൽ, എസ് അരുൺകുമാർ, ജിത്തു തോമസ്, അജേഷ് കുമാർ, എം രമേശ, ഹോം ഗാർഡുമാരായ റീജിത്ത് നാഥ്, ശോഭൻ എന്നിവർ നേതൃത്വം നൽകി.
ഈ വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കൂ.
Article Summary: Police department staff Babu Raj injured in a tragic lorry accident in Kasaragod.
#KasaragodNews #AccidentNews #KeralaPolice #FireRescue #LorryAccident #KasaragodVartha






