city-gold-ad-for-blogger

കോടികളുടെ നഷ്ടം വരുത്തി പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ലേലം നടക്കുന്നത് നാലിലൊന്ന് വിലയ്ക്ക്

 A large number of police-seized vehicles rusting at a police station in Kasaragod.
Photo: Special Arrangement

● കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ലേലം.
● നൂറുകണക്കിന് വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ചു.
● 161 വാഹനങ്ങൾ പൂർണമായും ഉപയോഗശൂന്യമായവയാണ്.
● കേസ് നടപടികൾ തീർപ്പായ വാഹനങ്ങളാണ് ഇപ്പോൾ ലേലം ചെയ്യുന്നത്.
● ലേലത്തിൽ തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്.

കുമ്പള: (KasargodVartha) പോലീസ് പിടികൂടി സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ ലേലം ചെയ്യാൻ തീരുമാനമായി. കാസർകോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളാണ് ഇപ്പോൾ ലേലം ചെയ്യുന്നത്.

മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, മേൽപറമ്പ്, ബേഡകം, നീലേശ്വരം, രാജപുരം, ഹോസ്ദുർഗ്, ചിറ്റാരിക്കൽ, ചന്തേര എന്നീ പോലീസ് സ്റ്റേഷനുകളിലും കാഞ്ഞങ്ങാട് നിർമ്മിതി കേന്ദ്രത്തിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. 

വിവിധ കേസുകളിൽ പിടിച്ചെടുത്ത പിക്കപ്പ്, ഓട്ടോറിക്ഷ, ലോറി, കാർ, ബൈക്ക്, വിവിധ ഗുഡ്‌സ് വാഹനങ്ങൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ലേലം നടക്കുന്നത്.

പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ദ്രവിച്ച് നശിച്ച് മണ്ണിനോട് ചേർന്ന അവസ്ഥയിലാണ്. ഇത്തരം വാഹനങ്ങൾ ഗുജ്‌രി കച്ചവടക്കാർ പോലും എടുക്കാൻ മടിക്കുകയാണ്. വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളും.

ഈ പ്രാവശ്യം ലേലം ചെയ്യുന്നവയിൽ 161 വാഹനങ്ങൾ പൂർണ്ണമായും തകർന്ന് രൂപം നഷ്ടപ്പെട്ടവയാണ്. സ്ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവ ലേലം ചെയ്യുന്നത്. 33 വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത അവസ്ഥയിലുള്ളതാണ്. നിലവിൽ കേസ് നടപടികൾ തീർപ്പായവയാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ഇ-ലേലമാണ് നടക്കുന്നത്.

കുമ്പള പോലീസ് സ്റ്റേഷനിൽ മാത്രം മണൽക്കടത്ത് കേസിൽ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് പുല്ലും കുറ്റിക്കാടുകളും വളർന്ന് നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ചിലത് കോടതിയുടെ പരിഗണനയിലുള്ള കേസുകളാണ്. 

കേസ് തീർപ്പായ വാഹനങ്ങൾ പോലും തുരുമ്പെടുത്ത് നശിച്ചതിനാൽ ഏറ്റെടുക്കാൻ ഉടമകൾ എത്തുന്നില്ല. ഈ വാഹനങ്ങൾ നന്നാക്കിയെടുത്ത് ഉപയോഗിക്കണമെങ്കിൽ വലിയൊരു തുക തന്നെ മുടക്കേണ്ടിവരും. അതിനാൽ ആരും അതിന് മുതിരാറില്ല.

ഒരു പോലീസ് സ്റ്റേഷനിൽനിന്ന് പത്തോ, ഇരുപതോ വാഹനങ്ങൾ ലേലം ചെയ്താൽ പോലും അടുത്തിടെ പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങൾ ലേലം ചെയ്യുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും ഈ വാഹനങ്ങളും മഴയും വെയിലുമേറ്റ് നശിക്കും. നടപടികൾ വേഗത്തിലാക്കിയാൽ സർക്കാരിലേക്ക് കോടികളാണ് ലഭിക്കുക. 

എന്നാൽ തുരുമ്പെടുത്ത് നശിച്ച വാഹനങ്ങൾ ലേലത്തിൽ നൽകിയാൽ അവയുടെ നാലിലൊന്ന് വില പോലും സർക്കാരിന് ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പോലീസ് പിടികൂടിയ വാഹനങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.

Article Summary: Seized vehicles at Kasaragod police stations to be auctioned.

#KeralaPolice #VehicleAuction #Kasaragod #PoliceStation #ScrapVehicles #GovernmentAuction

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia