'നമുക്ക് മരിക്കണ്ടപ്പാ..'; മകളുടെ ദീനരോദനം രക്ഷകരായി; കുരുക്ക് മുറുകുന്നതിന് മുമ്പ് വാതിൽ തകർത്ത് പൊലീസ്; മംഗളൂരിൽ അത്ഭുതകരമായ രക്ഷപ്പെടുത്തൽ
● മൊബൈൽ ടവർ പിന്തുടർന്ന അന്വേഷണത്തിൽ കാവൂരിലെ ശാന്തിനഗറിലെ വീട്ടിലാണ് രാജേഷ് ഉള്ളതെന്ന് കണ്ടെത്തി.
● വാതിൽ അകത്തുനിന്ന് പൂട്ടിയതിനാൽ പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നു.
● രണ്ട് കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ് എന്ന് അധികൃതർ.
മംഗളൂരു: (KasargodVartha) ഭാര്യയുമായി പിണങ്ങിയതിനെ തുടർന്ന് നാലു വയസുള്ള മകൾക്കൊപ്പം മരിക്കാൻ ഒരുങ്ങിയ യുവാവിനെ കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബിക നഗറിൽ നിന്ന് പണമ്പൂർ, കാവൂർ പൊലീസ് സംഘങ്ങൾ സാഹസികമായി രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
കെ. രാജേഷ് (35) എന്ന യുവാവിനേയും മകളേയുമാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഏഴ് വർഷം മുമ്പ് വിവാഹിതനായ രാജേഷ് ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ഇയാൾ മകളേയും കൂട്ടി വീടുവിട്ട് തണ്ണീർഭവി കടൽത്തീരത്തേക്ക് പോയതായും വിവരമുണ്ട്.
'നമുക്ക് രണ്ടുപേർക്കും മരിക്കാം' എന്ന് പറയുന്ന ഒരു വീഡിയോ റെക്കോർഡുചെയ്‌ത് രാജേഷ് ബന്ധുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ഈ വീഡിയോയിൽ 'നമുക്ക് മരിക്കണ്ടപ്പാ..' എന്ന് മകൾ കേഴുന്നതും കേൾക്കാമായിരുന്നു. ഈ വീഡിയോ കുടുംബ ഗ്രൂപ്പുകളിലൂടെ പണമ്പൂർ പൊലീസിൽ എത്തുകയായിരുന്നു.
തുടർന്ന് പനമ്പൂർ ബീച്ചിനടുത്തായിരിക്കാം ഇരുവരുമെന്ന് സംശയിച്ച പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പിന്നീട് തണ്ണീർഭവി ബീച്ചിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. അവിടെയും സൂചന ലഭിക്കാതെ വന്നതോടെ സൈബർ ക്രൈം പൊലീസിന്റെ സഹായം തേടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മൊബൈൽ ടവർ പിന്തുടർന്ന അന്വേഷണത്തിൽ കാവൂരിലെ ശാന്തിനഗറിലുള്ള ഒരു വീട്ടിലാണ് രാജേഷ് ഉള്ളതെന്ന് കണ്ടെത്തി. പണമ്പൂർ പൊലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവരാണ് വീട് തിരിച്ചറിഞ്ഞ് സ്ഥലത്തെത്തിയത്.
പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതെ വന്നതോടെ പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നു. പൊലീസ് അകത്തുകടക്കുമ്പോൾ രണ്ട് കുരുക്കുകൾ കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു രാജേഷ് എന്ന് അധികൃതർ വ്യക്തമാക്കി.
ഉടൻ തന്നെ ഇരുവരെയും രക്ഷപ്പെടുത്തി കാവൂർ പൊലീസിന് കൈമാറുകയായിരുന്നു. രാജേഷിന് കൗൺസിലിംഗ് നൽകിയ ശേഷം വീട്ടിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് ഭാര്യാഭർത്താക്കന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഇരുവരുടേയും പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥർ മധ്യസ്ഥത വഹിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Police in Mangaluru dramatically rescued a father and daughter who attempted death following a marital dispute.
#MangaluruPolice #DeathAttempt #FatherDaughterRescue #KavoorPolice #PanamburPolice #CrisisIntervention






