Police Booked | ഫാഷൻ ഗോൾഡ് തട്ടിപ്പ്: മുൻ എംഎൽഎ എം സി ഖമറുദ്ദീനും മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂടർ അഡ്വ. സി ശുകൂറുമടക്കം 5 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വീണ്ടും കേസ്
* വ്യാജരേഖ ചമച്ച് ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാക്കിയെന്നാണ് പരാതി
ചട്ടഞ്ചാൽ: (KasaragodVartha) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ എം സി ഖമറുദ്ദീനും മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂടർ അഡ്വ. സി ശുകൂറുമടക്കം അഞ്ച് പേർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം മേൽപറമ്പ് പൊലീസ് വീണ്ടും കേസെടുത്തു. കളനാട് ഹബീബ് റഹ്‌മാൻ മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ അബ്ദുൽ അസീസ് (53) ആണ് പരാതിക്കാരൻ.
ഫാഷൻ ഗോൾഡ് ചെയർമാനും മുൻ മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീൻ, മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂടറും സിപിഎം അനുഭാവിയും സിനിമ താരവുമായ അഡ്വ. സി ശുകൂർ, ഫാഷൻ ഗോൾഡ് ജ്വലറി മാനജിങ് ഡയറക്ടറായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ പൂക്കോയ തങ്ങൾ, അദ്ദേഹത്തിന്റെ മകൻ ഹിശാം, സ്ഥാപനത്തിന്റെ കംപനി സെക്രടറിയായ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കോടതി നിർദേശ പ്രകാരം കേസെടുത്തത്.
2013 ജൂലൈ മാസം മുതലുള്ള വിവിധ കാലയളവുകളിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തി അബ്ദുൽ അസീസ് ഗൾഫിലുള്ള സമയത്ത് ഒപ്പ് വ്യാജമായി ഇട്ട്, അറിവോ സമ്മതമോ ഇല്ലാതെ വ്യാജരേഖ ചമച്ച് ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാക്കിയെന്നാണ് കേസ്. ഈ രേഖ അസൽ ആണെന്നും അധികാര സ്ഥാപനമായ മിനിസ്ട്രി ഓഫ് കംപനി അഫയേഴ്‌സിന്റെ പോർടൽ ഉപയോഗിച്ചുവെന്നും മറ്റും പരാതിയിൽ പറയുന്നു.
നേരത്തെ കളനാട് കട്ടക്കാലിലെ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദേശ പ്രകാരവും മേൽപറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരുന്നു. തന്റെ പേരിലുള്ള വ്യാജ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോടറിയായിരുന്ന അഡ്വ. സി ശുകൂറാണെന്നാണ് മുഹമ്മദ് കുഞ്ഞി പരാതിയിൽ പറഞ്ഞിരുന്നത്. ഈ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി മുഹമ്മദ് കുഞ്ഞി ആരോപിച്ചു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുന്നുണ്ടെന്നാണ് മേൽപറമ്പ് പൊലീസിന്റെ വിശദീകരണം.