15 വയസുകാരൻ ഓടിച്ച ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ പിടികൂടിയതിൻ്റെ റീൽസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പൊലീസുകാരന് കൈയോടെ സസ്പെൻഷൻ
● വീഡിയോ ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിയും രക്ഷിതാക്കളും പരാതി നൽകി.
● പരാതി നൽകി മണിക്കൂറുകൾക്കകം നടപടിയുണ്ടായി.
● പോലീസുകാരൻ പിന്നീട് തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചു.
● വീട്ടുകാർ പരാതി പിൻവലിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച 15 വയസ്സുകാരനെ തടഞ്ഞുനിർത്തി റീൽസ് നിർമ്മിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോലീസുകാരന് സസ്പെൻഷൻ. കാസർകോട് എ ആർ ക്യാമ്പിലെ കെ സജേഷിനെയാണ് ജില്ലാ പോലീസ് മേധാവി ഉടൻ സസ്പെൻഡ് ചെയ്തത്.
ഹെൽമെറ്റോ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ ഉപയോഗിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയെ തടഞ്ഞ് റീൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് പോലീസുകാരനെതിരെ നടപടിയുണ്ടായത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിയും രക്ഷിതാക്കളും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി മണിക്കൂറുകൾക്കകമാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
കഴിഞ്ഞ ദിവസം രാവിലെ പുതിയകോട്ടയിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന 15 വയസ്സുകാരന്റെ വീഡിയോ എടുത്ത്, സിനിമാ സംഭാഷണങ്ങൾ കൂട്ടിച്ചേർത്ത് സിവിൽ പോലീസ് ഓഫീസർ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. 15 വയസ്സുകാരന്റെ സഹോദരനാണ് വീഡിയോ സഹിതം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
സ്കൂൾ വിട്ട് പുതിയകോട്ട വഴി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പോലീസുകാരൻ പിടികൂടുകയായിരുന്നു. കുട്ടിയെക്കൊണ്ട് കടയിൽ നിന്ന് നിർബന്ധിച്ച് ഹെൽമറ്റ് വാങ്ങിപ്പിക്കുകയും ചെയ്തു. ‘ഇല്ലെങ്കിൽ സ്കൂട്ടർ കത്തിക്കുമെന്ന് വരെ’ പോലീസുകാരൻ പറഞ്ഞതായി പ്ലസ് വൺ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയ ശേഷമാണ് പലരും വിളിച്ച് വിവരം തിരക്കിയതിനെ തുടർന്ന് പോലീസുകാരൻ ഇൻസ്റ്റാഗ്രാമിലിട്ട വീഡിയോ കുട്ടിയും വീട്ടുകാരും കാണുന്നത്. ഇതിന് പിന്നാലെയാണ് ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയത്.
‘പണി പാളി’ എന്ന് മനസ്സിലായതോടെ പോലീസുകാരൻ കുട്ടിയെയും വീട്ടുകാരെയും വിളിച്ച് തെറ്റ് പറ്റിയതാണെന്നും ക്ഷമ ചോദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Police officer suspended for filming and sharing reel of teen on electric scooter.
#PoliceSuspension #ElectricScooter #KeralaPolice #InstagramReel #Kasaragod #ViralVideo






