Suspension | വനിതാ കൃഷി ഓഫീസർക്ക് വാട്സ് ആപിൽ അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ഒടുവിൽ എസ്ഐയെ സസ്‌പെൻഡ് ചെയ്തു
● പരാതിയെ തുടർന്ന് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിരുന്നു
● ഡിഐജിയുടെ ഉത്തരവിനെ തുടർന്നാണ് സസ്പെൻഷൻ
കാസർകോട്: (KasargodVartha) പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട വനിതാ കൃഷി ഓഫീസർക്ക് വാട്സ് ആപിൽ അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്ഐയെ ഒടുവിൽ ഡിഐജി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മടിക്കൈ സ്വദേശിയും സംഭവത്തെ തുടർന്ന് നീലേശ്വരം സ്റ്റേഷനിൽ നിന്നും എ ആർ കാംപിലേക്കും അവിടെ നിന്നും കാസർകോട് ഡിസിആർബി ഗ്രേഡ് എസ്ഐ ആയും സ്ഥലം മാറ്റിയ മധുവിനെതിരെയാണ് നടപടി.
രണ്ടാഴ്ച മുൻപ് ഇദ്ദേഹം നീലേശ്വരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ മലയോരത്തെ വനിതാ കൃഷി ഓഫീസർക്ക് അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. കൃഷി ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് ഇദ്ദേഹത്തെ കാസർകോട് എ ആർ കാംപിലേക്ക് മാറ്റിയിരുന്നു.
പിന്നീട് അസോസിയേഷൻ ഇടപെട്ടാണ് ഡിസിആർബിയിലേക്ക് മാറ്റിയത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് കടുത്ത നടപടി ഉണ്ടാവാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും കൃഷി ഓഫീസർ പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്ത് ഡിഐജി ഉത്തരവിറക്കിയത്.
#Kerala #police #women #harassment #justice #suspension #WhatsApp #crime