Suspension | 'പുഷ്പനെ അധിക്ഷേപിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടു'; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
● എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
● ചങ്ങാതിക്കൂട്ടം എന്ന വാട്‌സാപ് കൂട്ടായ്മയിലാണ് കമന്റിട്ടത്.
● 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം.
എറണാകുളം: (KasargodVartha) കഴിഞ്ഞ ദിവസം നിര്യാതനായ കൂത്തുപറമ്പ് വെടിവയ്പില്‍ വെടിയേറ്റ് കിടപ്പിലായിരുന്ന പുഷ്പനെ (Pushpan) വാട്‌സാപ് ഗ്രൂപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പാരിതയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോതമംഗലം (Kothamangalam) സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ എസ് ഹരിപ്രസാദിനെ (KS Hariprasad) സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കും വിധത്തില്‍ പ്രചാരണം നടത്തിയതിനാണ് കേസ്. ഹരിപ്രസാദ് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് രക്തസാക്ഷിയായ പുഷ്പനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്.
ചങ്ങാതിക്കൂട്ടം എന്ന വാട്‌സാപ് കൂട്ടായ്മയില്‍ ശനിയാഴ്ചയാണ് കമന്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും പരാതി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് നടപടി.
സേനയിലെ അംഗമായ ഹരിപ്രസാദിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. എറണാകുളം നാര്‍ക്കോട്ടിക് സെല്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.