Attack | 'മയക്കുമരുന്ന് വേട്ടക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമം'; പൊലീസുകാരന് പരുക്ക്; നിരവധി കേസുകളിലെ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
കാസര്‍കോട് എ ആർ കാംപിലെ പൊലീസുകാരനായ നിഥിനിനാണ് കൈക്കും മറ്റും പരിക്കേറ്റത്
കാസര്‍കോട്:(KasaragodVartha) മയക്കുമരുന്ന് വേട്ടക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കാർ ഓടിച്ച് കയറ്റാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ ആർ കാംപിലെ പൊലീസുകാരന് പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ നാസർ എന്നയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി മഞ്ചേശ്വരം ഇൻസ്പെക്ടർ തോംസൺ കാസർകോട് വാർത്തയോട് പറഞ്ഞു.
കാസര്‍കോട് എ ആർ കാംപിലെ പൊലീസുകാരനായ നിഥിനിനാണ് കൈക്കും മറ്റും പരിക്കേറ്റത്. നിഥിനിനെ മംഗൽപാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് എസ്ഐ നിഖിലിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉപ്പള ടൗണിൽ എത്തിയത്.
വിവരം ലഭിച്ച കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് കാറിന് സമീപത്തേക്ക് നടന്നടുക്കുന്നതിനിടെ, സ്റ്റാര്‍ട് ചെയ്ത കാര്‍ പെട്ടെന്ന് പിന്നോട്ട് റിവേഴ്സ് എടുത്ത് പൊലീസിനെ ഇടിച്ചിട്ട ശേഷം അമിത വേഗതതയിൽ ഓടിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാസറിനൊപ്പം മറ്റൊരാളും കാറിൽ ഉണ്ടായിരുന്നുവെങ്കിലും കാർ ഓടിച്ച നാസറിനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. നാസർ ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
#drugtrafficking, #hitandrun, #policeattack, #kasaragod, #arrest, #investigation