Investigation | ഷാരോൺ വധം, അമ്മയെയും കുഞ്ഞിനേയും കടലിൽ തള്ളിയിട്ട് കൊലപാതകം, ഒടുവിൽ ഗഫൂർ ഹാജിയുടെ ദുരുഹ മരണവും; മികവോടെ കേസുകൾ തെളിയിച്ചു; ഡിവൈഎസ്‌പി കെ ജെ ജോൺസന്റെ തൊപ്പിയിൽ 3 പൊൻതൂവലുകൾ
● കെ ജെ ജോൺസൺ കാസർകോട് ഡിസിആർബി ഡിവെഎസ്പിയാണ്.
● ഷാരോൺ രാജിനെ കഷായത്തിൽ വിഷം നൽകിയാണ് കൊന്നത്.
● ഗഫൂർ ഹാജി കേസിൽ മന്ത്രവാദിനിയും സംഘവുമാണ് പ്രധാന പ്രതികൾ.
കാസർകോട്: (KasargodVartha) കേരളം ചർച്ച ചെയ്ത തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്‌മ കൊലപ്പെടുത്തിയ കേസും തിരുവനന്തപുരം ഊരൂട്ടമ്പലത്തുനിന്നും 11 വർഷം മുമ്പ് കാണാതായ ദിവ്യ (വിദ്യ) യെയും മകൾ ഗൗരിയെയും കൊലപ്പെടുത്തിയ കേസും ഏറ്റവും ഒടുവിൽ കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ ദുരൂഹ മരണവും അടക്കം പ്രമാദമായ മൂന്ന് കേസുകൾ തെളിയിച്ച കാസർകോട് ഡിസിആർബി ഡിവെഎസ്പി കെ ജെ ജോൺസന്റെ തൊപ്പിയിൽ മൂന്ന് പൊൻതൂവലുകളാണ് ലഭിച്ചിരിക്കുന്നത്.
കഷായത്തിൽ വിഷം നൽകി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയതാണ് ആദ്യത്തെ കേസ്. ഭാര്യയുടെ പ്രേരണയെ തുടർന്ന് മാഹീൻ കണ്ണ് എന്നയാൾ തമിഴ് നാട്ടിലെ കടലിൽ തള്ളിയിട്ട് കൊന്ന ദുരൂഹമായ കേസാണ് അതിസമർഥമായി കെ ജെ ജോൺസൺ, ഗഫൂർ ഹാജി വധക്കേസിന് മുമ്പ് തെളിയിച്ചത്. അന്ന് തിരുവനന്തപുരം റൂറൽ എസ് പിയായിരുന്ന ഡി ശിൽപയാണ് കെ ജെ ജോൺസനിലെ അന്വേഷണ മികവ് കണ്ടെത്തി ഈ കേസുകളെല്ലാം ഏൽപിച്ചത്.
കെ ജെ ജോൺസൺ ഇത് ഭംഗിയായി കുറ്റാന്വേഷണ മികവിലൂടെ തെളിയിക്കുകയായിരുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവിയായി തന്നെ ഡി ശിൽപ തിരിച്ചുവന്ന ശേഷം ഇക്കഴിഞ്ഞ നവംബറിൽ കെ ജെ ജോൺസൺ തിരുവനന്തപുരത്ത് നിന്നും ഡിസിആർബി ഡിവെഎസ്പിയായി കാസർകോട്ട് എത്തിയതോടെയാണ് തെളിയാത്ത ഗഫൂർ ഹാജി വധക്കേസ് അദ്ദേഹത്തെ ഏൽപിച്ചത്.
ഒക്ടോബർ 16നാണ് ജോൺസൺ കാസർകോട് എത്തിയത്. രണ്ടാഴ്ച കഴിഞ്ഞു നവംബർ ഒന്നിനാണ് അന്വേഷണം കൈമാറിയത്. വെറും ഒരു മാസം കൊണ്ടാണ് പ്രതികളായ മന്ത്രവാദിനിയെയും സംഘത്തെയും അദ്ദേഹം പൂട്ടിക്കെട്ടി ജയിലിലേക്ക് വിട്ടത്. മൂന്ന് കേസുകളും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും മൊഴികളിലെ പൊരുത്തക്കേടുകളിൽ പിടിച്ചുകയറിയുമാണ് അദ്ദേഹം തെളിയിച്ചത്. സ്വർണം ഇരട്ടിപ്പിക്കാമെന്ന വാഗ്‌ദാനം നൽകി 596 പവൻ സ്വർണം തട്ടിയെടുക്കുകയും ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.
തെളിയാത്ത കേസുകൾ ഒന്നൊന്നായി തെളിയിച്ചതോടെ കാസർകോട്ടെ മറ്റ് ചില പ്രമാദമായ കേസുകളും ഇദ്ദേഹത്തെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഗഫൂർ ഹാജി കേസിൽ മന്ത്രവാദിനിയുടെ സഹയായി പ്രവർത്തിച്ച മറ്റുചിലരെയും വലയിലാക്കാനുള്ള ശ്രമത്തിലാണ് കെ ജെ ജോൺസൺ. ഇതിന്റെ ഭാഗമായി ഇപ്പോൾ അറസ്റ്റിലായ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സ്വർണക്കടകളിൽ വിറ്റ മോഷണ മുതലുകൾ വീണ്ടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ബാക്കി സ്വർണം എന്തുചെയ്തുവെന്ന കാര്യത്തിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
#KeralaPolice #CrimeSolved #Investigation #KJJohnson #JusticeForVictims