Investigation | 'ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കും', പ്രമാദമായ കൊലക്കേസിൽ വെറുതെ വിട്ട പ്രതിയുടെ പേരിൽ ഭീഷണി സന്ദേശം; പൊലീസ് അന്വേഷണം തുടങ്ങി, ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്
കാസർകോട്: (KasaragodVartha) ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന രീതിയിൽ, പ്രമാദമായ കൊലക്കേസിൽ വെറുതെ വിട്ട പ്രതിയുടെ പേരിൽ ഭീഷണി സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തെ തുടർന്ന് യുവാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഇയാളുടെ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിൽ യുവാവിന്റെ അകൗണ്ടിൽ നിന്ന് ഇത്തരമൊരു കമന്റ് പോസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ പരിശോധന നടത്തി വരുന്നതായും കാസർകോട് ജില്ലാ പൊലീസ് മേധാവി കാസർകോട് വാർത്തയോട് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റെന്ന രീതിയിൽ സ്ക്രീൻ ഷോർട് വാട്സ്ആപ് ഗ്രൂപുകളിലും മറ്റും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. താൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും അങ്ങനയൊരു കമന്റ് ഇട്ടിട്ടില്ലെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സുഹൃത്തുക്കൾക്ക് മാത്രം കാണുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
അകൗണ്ട് പൊലീസ് പരിശോധിച്ചപ്പോൾ ഇത്തരമൊരു കമന്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. സംഭവത്തിൽ കേസെടുക്കാൻ തന്നെയാണ് പൊലീസിന്റ തീരുമാനം. യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ യുവാവിനെതിരെയും, ഇയാളുടെ പേരിൽ വ്യാജപ്രചാരണമാണ് നടത്തിയതെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ യുവാവിനെ അടക്കം മൂന്ന് പേരെ പ്രമാദമായ കൊലക്കേസിൽ വെറുതെ വിട്ട നടപടിക്കെതിരെ സർകാരും വാദിഭാഗവും ഹൈകോടതിയിൽ അപീൽ നൽകിയിട്ടുണ്ട്.