Robbery | കാറിൽ സഞ്ചരിക്കുന്നയാളെ പൊലീസ് വേഷത്തിലെത്തി തടഞ്ഞുനിർത്തി 1.75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി
● സംഭവം ചേറ്റുകുണ്ടിൽ വെച്ച്
● പൊലീസ് കേസെടുത്തു
● സംഘത്തിൽ 4 പേർ
ഉദുമ: (KasargodVartha) കാറിൽ സഞ്ചരിക്കുന്നയാളെ പൊലീസ് വേഷത്തിലെത്തിയ ഒരാളും മറ്റ് മൂന്നുപേരും ചേർന്ന് തടഞ്ഞുനിർത്തി 1.75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് വ്യാപാരിയും പള്ളിക്കര കല്ലിങ്കാൽ സ്വദേശിയുമായ ബി ശംസു സലാം (60) ആണ് പരാതി നൽകിയത്. വീട്ടിൽ നിന്ന് കാറിൽ കാഞ്ഞങ്ങാട്ടേക്ക് പോകുന്നതിനിടെ ശനിയാഴ്‌ച രാവിലെ 8.55 മണിയോടെ ചേറ്റുകുണ്ടിലായിരുന്നു സംഭവം.
കെഎൽ 60 ജി 3123 നമ്പർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ശംസുവിനെ കെഎൽ 01 എന്ന രജിസ്‌ട്രേഷൻ നമ്പറിൽ തുടങ്ങുന്ന വെളുത്ത നിറത്തിലുള്ള വാഹനത്തിൽ വന്ന പൊലീസ് യൂണിഫോം ധരിച്ച ഒരാൾ അടക്കമുള്ള പ്രതികൾ തടഞ്ഞു നിർത്തുകയും, ബലമായി പിടിച്ച് പിറകിലെ സീറ്റിലേക്ക് ഇരുത്തിയെന്നുമാണ് പരാതിക്കാരൻ പറയുന്നത്.
പിന്നീട് വാഹനം ഓടിച്ച് ചാമുണ്ഡികുന്ന് കൊട്ടിലങ്ങാട് പാലത്തിലെത്തി അവിടെ വാഹനത്തിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 1.75 ലക്ഷം രൂപ കവർച്ച ചെയ്ത് പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് പരാതി. സംഭവത്തിൽ ബേക്കൽ പൊലീസ് ബിഎൻഎസ് 309 (4) വകുപ്പ് പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
#KeralaNews #CrimeNews #Robbery #FakePolice #Kanhangad #Theft