Breakthrough | ഗഫൂർ ഹാജിയുടെ മരണം: പൊലീസിന് ഒടുവിൽ കൊലപാതകം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കർമസമിതി
![Gafoor Haji Murder Mystery Solved](https://www.kasargodvartha.com/static/c1e/client/114096/uploaded/bee1098c39762029ea8e8a9a8561432f.jpg?width=823&height=463&resizemode=4)
● പൊലീസിന് കൊലപാതകം തെളിയിക്കാൻ കഴിഞ്ഞു.
● 18 മാസത്തെ അന്വേഷണത്തിനൊടുവിൽ വിജയം.
● മന്ത്രവാദിനിയായ യുവതിയാണ് പ്രതി.
പൂച്ചക്കാട്: (KasargodVartha) വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണത്തിൽ ഒടുവിൽ സത്യം തെളിയുകയും 18 മാസത്തിന് ശേഷം പൊലീസിന് കൊലപാതകം തെളിയിക്കാൻ കഴിഞ്ഞതിലും സന്തോഷമെന്ന് കർമസമിതി ഭാരവാഹികൾ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി, ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയെയും കേസ് അന്വേഷിച്ച ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസണിനെയും എ എസ് പി പി ബാലകൃഷ്ണൻ നായരെയും അഭിനന്ദിക്കുന്നതായി കർമസമിതി ഭാരവാഹിയായ സത്യൻ പൂച്ചക്കാട് പറഞ്ഞു.
മരണത്തിന് ശേഷം കർമസമിതി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതിൽ സന്തോഷമുണ്ട്. ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് ആ വീടുമായി ബന്ധം പുലർത്തിയ മന്ത്രവാദിനിയായ യുവതിയാണ് പിന്നിൽ പ്രവർത്തിച്ചതെന്നതിന് വ്യക്തമായ തെളിവുകൾ അന്ന് കേസ് അന്വേഷിച്ച ബേക്കൽ ഡിവൈഎസ്പിയെ അറിയിച്ചെങ്കിലും അന്വേഷണം ഒരുതരത്തിലും മുന്നോട്ട് പോയില്ല. കുറ്റാന്വേഷണത്തിൽ മികവ് പുലർത്തിയ ഈ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായെന്നാണ് കർമസമിതി വ്യക്തമാകുന്നത്.
രണ്ടുമാസം മുന്‍പ് മുഖ്യമന്ത്രി, ഡിജിപി, എംപി, എംൽഎമാർ എന്നിവരെ കണ്ട ശേഷമാണ് കേസ് ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് കൈമാറിയത്. മിടുക്കനായ ഡിസിആർബി ഡിവൈഎസ്പിയുടെ അന്വേഷണ മികവാണ് കേസ് തെളിയാൻ കാരണമായത്. ഒരുപാട് പേരുടെ കുടുംബം തകർത്ത മന്ത്രവാദിനിയെ അറസ്റ്റ് ചെയ്തത് നാടിന് തന്നെ സന്തോഷം പകരുന്നതാണ്. പൊലീസിന്റെ തുടർനടപടി വീക്ഷിച്ച് വരികയാണെന്നും കർമസമിതി വ്യക്തമാക്കി.
#AbdulGafoorHaji #KasargodMurder #KeralaCrime #PoliceInvestigation #WitchDoctor