Investigation | വ്യാജ കറൻസികളുമായി യുവതിയടക്കം കാസർകോട് സ്വദേശികളായ 2 പേർ അറസ്റ്റിലായ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി കർണാടക പൊലീസ്; സംഘം നടത്തിയിരുന്നത് ആസൂത്രിത പ്രവർത്തനങ്ങൾ
മംഗ്ളുറു: (KasaragodVartha) വ്യാജ കറൻസിയുമായി യുവതിയടക്കം കാസർകോട് സ്വദേശികളായ രണ്ടുപേർ കർണാടകയിൽ അറസ്റ്റിലായ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പൊലീസ്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സി എ മുഹമ്മദ് (61), ഖമറുന്നീസ (41) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ബണ്ട് വാൾ പൊലീസ് പിടികൂടിയത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ശരീഫ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിവരികയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'വെള്ളിയാഴ്ച രാത്രി സംശയാസ്പദമായ രീതിയിൽ കേരള രജിസ്ട്രേഷനുള്ള കാർ നിർത്തിയിട്ടിക്കുന്നത് കണ്ടാണ് പരിശോധന നടത്തിയത്. പൊലീസ് അടുത്തെത്തിയപ്പോൾ ഡ്രൈവർ സീറ്റിലിരുന്നയാളും സമീപത്തിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരാളെ പിടികൂടിയപ്പോൾ മറ്റൊരാൾ രക്ഷപ്പെട്ടു. കാറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിൽ, കേരളത്തിൽ നിന്ന് കള്ളകറൻസി കൊണ്ടുവന്ന് ബിസി റോഡ് തുമ്പെയിലെ കടകളിൽ മാറ്റിയെടുത്തിരുന്നതായി പ്രതികൾ വെളിപ്പെടുത്തി. ഉപഭോക്താവായി വേഷമിട്ട് കൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കടകളിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങുകയും വ്യാജ കറൻസികൾ നൽകുകയുമാണ് ചെയ്‌തിരുന്നത്. ഇതിലൂടെ ബാക്കി ലഭിക്കുന്ന യഥാർഥ നോടുകളായിരുന്നു ഇവരുടെ ലക്ഷ്യം.
ഇങ്ങനെ നിരവധി സ്ഥലങ്ങളിൽ ആസൂത്രിതമായി വ്യാജകറൻസി മാറ്റിവാങ്ങിയിരുന്നു. മാത്രവുമല്ല, വാങ്ങിയ സാധനങ്ങൾ കേരളത്തിലെ കടകളിൽ വിൽക്കുന്നതും ഇവരുടെ രീതിയായിരുന്നു. 500 രൂപയുടെ 46 കള്ളകറൻസികളാണ് ഇപ്പോൾ ഇവരിൽ നിന്ന് കണ്ടെത്തിയത്. കൂടാതെ 5,300 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്'.
ഇതിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന് സംശയിക്കുന്നതായും ബണ്ട് വാൾ പൊലീസ് പറഞ്ഞു. വ്യാജ കറൻസിയുടെ ഉറവിടവും ഇത്തരത്തിൽ കൂടുതൽ ഇടപാടുകൾ മുമ്പ് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ഐപിസി സെക്ഷൻ 489(ബി), 489(സി) 34 പ്രകാരം കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പിടിയിലായ ഖമറുന്നീസ നേരത്തെ കാസർകോട് ജില്ലയിലും വിവിധ കേസുകളിൽ പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.