Police FIR | ആരാധനാലയം ബോംബിട്ട് തകർക്കുമെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം: പൊലീസ് സ്വമേധയാ കേസെടുത്തു; യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കാസർകോട്: (KasargodVartha) സാമൂഹ്യ മാധ്യമത്തിലൂടെ കാസർകോട്ട് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നതിന് പൊലീസ് സ്വമേധയാ കേസെടുത്തു. കാസർകോട് ടൗൺ എസ്ഐ പി പി അഖിലിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കൊലക്കേസിൽ വിട്ടയച്ച അജേഷ് എന്ന അപ്പുവിന്റെ ചിത്രം വെച്ച് അപ്പു കെ 7608 എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് എംകെഎഫ് - ഐല എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപിൽ മീഡിയ വൺ വാർത്ത ചാനലിന്റെ വാർത്തയുടെ അടിയിൽ കമൻ്റ് ബോക്സിൽ കലാപത്തിന് ആഹ്വാനം നടത്തും വിധം കമൻ്റ് പോസ്റ്റ് ചെയ്തുവെന്നും ഇതിൻ്റെ സ്ക്രീൻ ഷോട് വ്യാപകമായി പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. ആരെയും പ്രതിചേർക്കാതെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയുടെ ചിത്രമുള്ള ഇൻസ്റ്റഗ്രാം ഐഡിയുടെ സ്ക്രീൻ ഷോട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. കലാപത്തിന് ശ്രമിച്ചവർ ആരായിരുന്നാലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. ടൗൺ എസ്ഐ പി അനൂപിനാണ് കേസ് അന്വേഷണ ചുമതല. സൈബർ സെലിൻ്റെ സഹായതോടെയാണ് അന്വേഷണം നടക്കുന്നത്.
സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ഇത്തരമൊരു കമന്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പരിശോധന നടത്തുമെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചു.