Police FIR | ജൂസ് കട പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിച്ചതായി പരാതി; 'ലക്ഷങ്ങളുടെ നഷ്ടം'; പൊലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: (KasargodVartha) ജൂസ് കട പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിച്ചതായി പരാതി. ബല്ലാകടപ്പുറത്തെ എം കെ മൂസക്കുട്ടി എന്നയാളുടെ കടയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ 1.30 മണിക്കും നാല് മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിപിഎം പ്രവർത്തകനായ മൂസക്കുട്ടിയോടുള്ള വിരോധത്തിൽ കടയും അനുബന്ധ ഷെഡും അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. സിപിഎം നേതാവ് അഡ്വ. രാജ്മോഹൻ അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മീനാപ്പീസ് കണ്ടത്തിൽ ഗവ. എൽപി സ്‌കൂളിലെ 138-ാം നമ്പർ ബൂത് എൽഡിഎഫ് ഏജന്റായിരുന്നു മൂസക്കുട്ടി.
മൂസക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ രണ്ടുപേർക്കെതിരെ ഐപിസി 436 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിക്കാരൻ പറയുന്നത്. ഫർണിചറും മറ്റു സാധന-സാമഗ്രികളും അഗ്നിക്കിരയായി.