Arrest | കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്: മുങ്ങിനടക്കുകയായിരുന്ന പ്രതി ഒടുവിൽ കുടുങ്ങി

● 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പണം സ്വരൂപിച്ചു.
● 2018ൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു.
● അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ മാത്രം 60 കേസുകളിൽ പ്രതി.
● പ്രതിയുടെ സ്വത്തുവകകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കാസർകോട്: (KasargodVartha) കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേരളത്തിലുടനീളം നൂറോളം കേസുകളിൽ പ്രതിയായതിന് പിന്നാലെ ഒളിവിലായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിച്ചന്തു നായരെ (64) ആണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തു വച്ച് പിടികൂടിയത്. കോട്ടയം ആസ്ഥാനമായുള്ള 'സിക് സെക്ട് ഐ ഫിനാന്‍സില്‍' നിക്ഷേപിച്ച പണം തിരിച്ചു നൽകാതെ സ്ഥാപനം പൂട്ടി കുഞ്ഞിച്ചന്തു നായർ മുങ്ങിയെന്നായിരുന്നു കേസ്.
18 ശതമാനം വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പലരിൽ നിന്നും നിക്ഷേപമായി വാങ്ങിയത്. നീലേശ്വരത്ത് ഓഫീസ് തുറന്ന് ജില്ലയിൽ നിന്നും ഇടപാടുകാരെ ചേർത്തു. 2018ൽ നീലേശ്വരം പൊലീസാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സ്ഥാപനം പൂട്ടിയതോടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ കൂട്ടമായി എത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ മാത്രം 60 കേസുകളിൽ കുഞ്ഞിച്ചന്തു നായർ പ്രതിയാണ്.
ഉത്തർപ്രദേശിൽ ഒരു പുരോഹിതന്റെ അനുയായിയായി കഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിൽ, പ്രതി അമ്പലത്തറയിൽ എത്തിയതായി കണ്ടെത്തുകയായിരുന്നു. കോട്ടയം സ്വദേശിയായ വൃന്ദാരാജേഷ് ആണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ കുഞ്ഞിച്ചന്തു നായരുടെ സ്വത്തുവകകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#KeralaCrime #InvestmentFraud #Arrest #Kasaragod #SixSectIFinance #KunjichanNair