Attack | കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയത് ഒരാഴ്ച മുമ്പ്; 'കാസർകോട് നഗരത്തിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് അടിച്ചുതകർത്ത് യുവാവ്'; നാടകീയ സംഭവങ്ങൾ
May 15, 2024, 23:41 IST
'കൈവിരൽ മുറിച്ച് ആത്മഹത്യാശ്രമം നടത്തി'
കാസർകോട്: (KasaragodVartha) കഞ്ചാവ് കേസിൽ ഒരാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കാസർകോട് പുതിയ ബസ് സ്‌റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്‌റ്റ് അടിച്ചുതകർത്തായി പരാതി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗണേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.
ബസ് സ്‌റ്റാൻഡ് പരിസരത്ത് എത്തിയ യുവാവ് എയ്‌ഡ് പോസ്റ്റിനു മുന്നിലുള്ള പൊലീസുകാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് അക്രമാസക്തനാവുകയുമായിരുന്നുവെന്നാണ് പറയുന്നത്. കൈകൊണ്ട് ജനൽ ചില്ല് തകർത്ത ഇയാൾ കൈവിരൽ മുറിച്ച് ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളെ ബലമായി കീഴടക്കി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.