Arrest | റിസര്‍വ് വനത്തില്‍ നിന്ന് നായാട്ട് സംഘം പിടിയില്‍; 2 പേര്‍ അറസ്റ്റില്‍, ഒരാള്‍ രക്ഷപ്പെട്ടു
● ദിവാകരന്‍ എന്ന ദീപു രക്ഷപ്പെട്ടതായി വനം വകുപ്പ് അധികൃതര്‍.
● പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
● പനത്തടി സെക്ഷന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ആന്റി പോചിംഗ് ഓപറേഷന്‍.
കാഞ്ഞങ്ങാട്: (KasargodVartha) മൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനായുള്ള പനത്തടി ഫോറസ്റ്റ് സെക്ഷന്റെ പ്രത്യേക ഓപറേഷനില്‍ നായാട്ട് സംഘത്തെ രാജപുരം പൈനിക്കര റിസര്‍വ് വനത്തില്‍ നിന്ന് പിടികൂടി. രാജേഷ് സി, രാജേഷ് ബി എന്നിവരാണ് അറസ്റ്റിലായത്. ദിവാകരന്‍ എന്ന ദീപു സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
'പൈനിക്കര പ്ലാന്റേഷന്റെ സമീപ പ്രദേശങ്ങളില്‍ ആടുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ പതിവായി റിപോര്‍ട് ചെയ്തിരുന്നു. കൃഷി നാശത്തിന് കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്ത് വന്യജീവികളെ ആക്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പനത്തടി സെക്ഷന്‍ വ്യാപകമായ ഓപറേഷന്‍ നടത്തിയത്', അധികൃതര്‍ വ്യക്തമാക്കി.
പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ശേഷപ്പയുടെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ ആര്‍ കെ, ബിഎഫ്ഒമാരായ പ്രകാശന്‍ വി, വിമല്‍ രാജ് ഡി, വിനീത്, വിഷ്ണുകൃഷ്ണന്‍ എന്നിവരാണ് ഓപറേഷന്‍ പങ്കെടുത്തത്. പിടികൂടിയ പ്രതികളെ കാഞ്ഞങ്ങാട് റേന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുലിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇത് പനത്തടി സെക്ഷന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ആന്റി പോചിംഗ് ഓപറേഷനാണ്. ഏഴാമത്തെ നായാട്ട് സംഘമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പ് റാണിപുരം പാണത്തൂര്‍ വനം മേഖലയില്‍ സമാനമായ ഓപറേഷനിലൂടെ നായാട്ട് സംഘത്തെ പിടികൂടിയിരുന്നു.
#poaching #wildlife #conservation #arrest #Kerala #forest #India