വളർത്തുനായ വിദ്യാർഥിനിയെ വീട്ടിൽ കയറി കടിച്ചു; തലയ്ക്കും ദേഹത്തും ഗുരുതര പരിക്ക്
● ഉദുമ പടിഞ്ഞാർ ജൻമ കടപ്പുറത്താണ് സംഭവം നടന്നത്.
● ജംസ് സ്കൂളിലെ ഒന്നാം തരം വിദ്യാർഥിനിയായ ഷന ഫാത്വിമയ്ക്കാണ് കടിയേറ്റത്.
● പരിക്കേറ്റ വിദ്യാർഥിനിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● അയൽവീട്ടിലെ ഭാസ്കരൻ്റെ വളർത്തുനായയാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.
● നായയെ അഴിച്ചുവിട്ടതിനെതിരെ പോലീസിൽ പരാതി നൽകാൻ തീരുമാനം.
ഉദുമ: (KasargodVartha) അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ് ഒന്നാം തരം വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഉദുമ പടിഞ്ഞാർ ജൻമ കടപ്പുറത്തെ ഇബ്രാഹിമിൻ്റെ മകളും ജംസ് സ്കൂളിലെ ഒന്നാം തരം വിദ്യാർഥിനിയുമായ ഷന ഫാത്വിമയ്ക്കാണ് നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച (28.10.2025) വൈകീട്ട് വീട്ടിൽ കയറിയാണ് നായ ഈ പെൺകുട്ടിയെ ആക്രമിച്ചത്.
തലയ്ക്കും ശരീരത്തിലും ഗുരുതര പരിക്ക്
തലയടക്കം ശരീരത്തിൻ്റെ പല ഭാഗത്തും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് കടിയേറ്റത് മൂലം ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുന്നതിനിടെ പിന്നാലെ എത്തിയ നായ വീടിനുള്ളിൽ കയറിയാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. വീട്ടുകാരും അയൽവാസികളും ചേർന്നാണ് നായയെ ഓടിച്ചുവിട്ടത്.
പോലീസിൽ പരാതി നൽകും
അയൽവീട്ടിലെ ഭാസ്കരൻ്റെ വളർത്തുനായയാണ് കുട്ടിയെ കടിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ കണ്ടിരുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയെ അഴിച്ചുവിട്ടതിന് എതിരെ പോലീസിൽ പരാതി നൽകാനാണ് വീട്ടുകാരുടെ തീരുമാനം. നാട്ടിൽ തെരുവുനായകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുമ്പോഴാണ് ഈ വളർത്തു പട്ടിയുടെ ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്.
വളർത്തുനായകളെ പരിപാലിക്കുന്നതിലെ നിയമങ്ങൾ കർശനമാക്കണമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: First-grade student severely injured by neighbor's pet dog in Uduma.
#DogAttack #Udumma #KeralaNews #StudentAttacked #DogBite #PoliceComplaint







