Murder Case | പെരിയ ഇരട്ടക്കൊലക്കേസ്: വിധി പറയുന്നതിന് മുമ്പായി പ്രതികളുടെ ചോദ്യം ചെയ്യൽ സെപ്റ്റംബർ 2 മുതൽ
നേരത്തെയുണ്ടായിരുന്ന ജഡ്ജ് സ്ഥലം മാറിപ്പോയതിനെ തുടർന്ന് പുതിയ ജഡ്‌ജിന്റെ ബെഞ്ചിലേക്ക് കേസ് മാറി
കൊച്ചി: (KasargodVartha) കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ വിധി പറയും മുമ്പുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ സെപ്റ്റംബർ രണ്ട് മുതൽ എറണാകുളം സിബിഐ കോടതിയിൽ നടക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി ജഡ്ജ് ശേഷാദ്രിനാഥാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. നേരത്തെയുണ്ടായിരുന്ന ജഡ്ജ് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് പുതിയ ജഡ്‌ജിന്റെ ബെഞ്ചിലേക്ക് കേസ് മാറിയത്.
സിപിഎം കാസർകോട് ജില്ലാ സെക്രടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ മണികണ്ഠനക്കമുള്ള പ്രതികൾ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവർ ബൈകിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിക്കൊന്നത്.
കേസിൽ 24 പ്രതികളാണുള്ളത്. സിപിഎം നേതാക്കളടക്കമുള്ളവരാണ് പ്രതികൾ. കേസിൻ്റെ സാക്ഷി വിസ്താരം എറണാകുളം സിബിഐ കോടതിയിൽ ഒരു വർഷത്തിലേറെയായി നടന്നു വരികയായിരുന്നു. സാക്ഷി വിസ്താരം പൂർത്തിയായതിനെ തുടർന്നാണ് പ്രതികളുടെ ചോദ്യംചെയ്യൽ. ആദ്യം ലോകൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച് 14 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് കേസന്വേഷണം സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 10 പേരെ കൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.16 പ്രതികൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2019 ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത 11 പ്രതികൾ വർഷങ്ങളായി തടങ്കലിലാണ്. 2021 ഡിസംബർ ഒന്നിന് സിബിഐ അറസ്റ്റ് ചെയ്ത സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രടറി രാജേഷ് എന്ന രാജു, സൂരേന്ദ്രൻ എന്ന വിഷ്ണു, സുര, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നി പ്രതികൾ കാക്കനാട് ജയിലിലാണ്. 2021 ൽ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി എ പീതാംബരനടക്കമുള്ള 11 പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലാണുള്ളത്.
പതിമൂന്നാം പ്രതിയാണ് കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, ഇരുപതാം പ്രതിയായ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം എട്ടു പേർ ജാമ്യമെടുത്തിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർകാർ സുപ്രീം കോടതിയിൽ അഭിഭാഷകരെ വച്ച് വാദിച്ചതും വിവാദമായിരുന്നു. ഒടുവിൽ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. ഒരു സാക്ഷി പോലും കൂറുമാറാത്ത പ്രമാദമായ കേസിൻ്റെ വിധി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ ഈ വർഷം തന്നെ കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്.
#PeriyaMurderCase #KeralaPolitics #CBI #Trial #Justice