പെരിയയിൽ വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ; പുലിയെന്ന് സംശയം, വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
● സംഭവസ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു.
● മഴ നനയാത്ത ഭാഗത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി.
● വേട്ടയാടാൻ കഴിയാത്ത പുലിയാകാം കാരണമെന്ന് സംശയം.
● പുലിയെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പെരിയ: (KasargodVartha) തണ്ണോട്ട് പുല്ലാഞ്ഞികുഴിയിൽ നായയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുല്ലാഞ്ഞികുഴിയിലെ ഗോവിന്ദൻ-ബിന്ദു ദമ്പതികളുടെ വളർത്തുനായയെയാണ് ചൊവ്വാഴ്ച രാവിലെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നാലഞ്ച് മാസമായി അജാനൂർ പഞ്ചായത്ത് ഭാഗത്തും പെരിയ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും ഇതിന് വ്യക്തമായ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ കൂട് സ്ഥാപിച്ചിരുന്നുമില്ല. ഇതിനിടയിലാണ് വീണ്ടും പട്ടിയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. കനത്ത മഴയുണ്ടായിരുന്നതിനാൽ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ സംഭവസ്ഥലത്ത് കണ്ടെത്താനായില്ല.
എന്നാൽ, ഈ വീടിന് രണ്ട് വീടുകൾക്കപ്പുറം മഴ നനയാത്ത ഭാഗത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയതിനാലാണ് രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. വേട്ടയാടി ഇരപിടിക്കാൻ കഴിയാത്ത പുലിയായിരിക്കാം ഇതെന്നാണ് കരുതപ്പെടുന്നത്.
പുലിയെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കാസർകോട് ഡി.എഫ്.ഒ. ഓഫീസർ അഷറഫും ആർ.ആർ.ടി. ഓഫീസർ സത്യനും കാസർകോട് വാർത്തയോട് പറഞ്ഞു.
പെരിയയിൽ പുലിയുടെ സാന്നിധ്യം എങ്ങനെ ജനജീവിതത്തെ ബാധിക്കും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Pet dog found killed, partially eaten in Periya; suspected leopard.
#Periya #LeopardAttack #WildAnimal #Kasaragod #ForestDepartment #AnimalAttack






