city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം നടത്താന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ ആകാംക്ഷ, ആളൂര്‍ വക്കീലിന് വക്കാലത്ത് നല്‍കിയത് പ്രതിയോ, സി പി എം നേതൃത്വമോ? ചര്‍ച്ച കൊഴുക്കുന്നു, ഏത് കൊടികെട്ടിയ വക്കീല്‍ വന്നാലും തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: (www.kasargodvartha.com 19.09.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം നടത്താന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ ആകാംക്ഷ. ആളൂര്‍ വക്കീലിന് വക്കാലത്ത് നല്‍കിയത് പ്രതിയാണോ അതോ സി പി എം നേതൃത്വമാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച കൊഴുക്കുകയാണ്. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആളൂര്‍ വക്കീലിനെ തടയുമെന്ന പ്രചരണം വക്കീലിന് പ്രചാരമുണ്ടാക്കാന്‍ വേണ്ടിയാണെന്നും ഏത് കൊടികെട്ടിയ വക്കീല്‍ വന്നാലും തടയാന്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും തയ്യാറാകില്ലെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. നിയമത്തില്‍ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും പൂര്‍ണ വിശ്വാസമുണ്ട്. നിയമപരമായ പോരാട്ടം തുടരുമെന്നും സാജിദ് മൗവ്വല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പരിഗണിക്കാനിരുന്നത്. ജാമ്യാപേക്ഷ സെപ്തംബര്‍ 23 ലേക്ക് മാറ്റിയിരിക്കുകയാണ്.മുംബൈയില്‍ ഒരു സുപ്രധാന കേസിന്റെ വാദം നടക്കുന്നതിനാല്‍ അഡ്വ. ആളൂരിന് എത്താന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്. ആളൂരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി കേസ് 23ലേക്ക് മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി അത് അംഗീകരിച്ചുകൊണ്ടാണ് കേസ് മാറ്റിവെച്ചത്.

23 ന് ആളൂര്‍ നേരിട്ട് ഹാജരാകുമെന്നും കൂടാതെ അദ്ദേഹത്തെ സഹായിക്കാന്‍ വേണ്ടി അഡ്വ. കെ ഐ ടോജി, അഡ്വ. പ്രശാന്ത് കെ പി എന്നിവര്‍ അടക്കമുള്ള എട്ടോളം അഭിഭാഷകര്‍ ഉണ്ടാകുമെന്ന് ആളൂരിന്റെ കൊച്ചി ഓഫീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടിയാല്‍ അതിനെ ഭയക്കില്ലെന്ന് ആളൂരിന്റെ ഓഫീസ് മാനേജര്‍ പറഞ്ഞു. പ്രമാദമായ പല കേസുകളിലും വാദിക്കാനെത്തുന്നതു കൊണ്ട് ആളൂരിന് പല ഭാഗങ്ങളില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എട്ടു പേരടങ്ങുന്ന പ്രൈവറ്റ് സെക്യൂരിറ്റി എല്ലാസമയത്തും അദ്ദേഹത്തിനുണ്ട്. കാസര്‍കോട്ടെത്തിയാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളൂരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

2019 ഫെബ്രുവരി 17 ന് രാത്രി എട്ടു മണിയോടെയാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സി പി എം സംഘം ക്രൂരമായി വെട്ടികൊലപ്പെടുത്തിയത്. സംഭവം സംസ്ഥാന തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തെ പാര്‍ട്ടി തന്നെ തള്ളിപ്പറയാന്‍ ഇടയാക്കിയ സംഭവമായിരുന്നു കല്യോട്ടേത്. സി പി എം ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും പരസ്യമായി പറയേണ്ടി വന്നിരുന്നു.

ലോക്കല്‍ പോലീസ് അന്വേഷിച്ച് കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീതിപൂര്‍വ്വമല്ലെന്ന് കാട്ടി കൃപേഷിന്റെയും ശരത്തിന്റെയും പിതാക്കന്മാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും കോടതിയുടെ തീരുമാനമുണ്ടായിട്ടില്ല. മലപ്പുറം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സി എം പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ലോക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തിയിരുന്നു. കണ്ടെടുത്ത വടിവാളുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ള എട്ട് ആയുധങ്ങളാണ് പരിശോധിച്ചത്. ആയുധങ്ങള്‍ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തിരുന്നു. പ്രവര്‍ത്തിസമയത്ത് സീല്‍ പൊട്ടിക്കാതെ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ ഡോ. എന്‍ ഗോപാലകൃഷ്ണ പിള്ള കോടതിയില്‍ നേരിട്ടെത്തിയാണ് ആയുധങ്ങള്‍ പരിശോധിച്ചത്. എല്ലാ പഴുതുകളും അടച്ച ഒരു കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള പഴുതുകളാണ് കുറ്റപത്രത്തില്‍ മുഴുവനുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വവും കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങള്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനടക്കമുള്ളവര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു.

കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായി കുറ്റാരോപിതരും സി പി എം നേതാക്കളും പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആരോപണവുമായാണ് കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളതില്‍ കൂടുതല്‍. ഒന്നാം പ്രതി പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, തന്നെ ഏല്‍പ്പിച്ച ഫോണ്‍ പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.

പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ അച്ഛന്‍ ശാസ്താ ഗംഗാധരന്റെ മൊഴി. അതു കൊണ്ടാണ് തന്റെ മകനെ കൊലപാതക സംഘത്തില്‍ കൂട്ടിയതെന്നും ഗംഗാധരന്റെ മൊഴിയുണ്ട്. തന്റെ വാഹനമുപയോഗിച്ചതും കൃത്യത്തിന് വീടിനടുത്തുള്ള സ്ഥലം തെരഞ്ഞെടുത്തതും ആയുധങ്ങള്‍ തന്റെ പറമ്പില്‍ ഒളിപ്പിച്ചതും വ്യക്തി വിരോധം തീര്‍ക്കാനാണെന്നും ഗംഗാധരന്‍ മൊഴി നല്‍തിയിട്ടുണ്ട്.

പ്രതികള്‍ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയിരുന്നു. എന്നാല്‍, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടില്‍ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാത്യുവിന്റെ കുറ്റപത്രത്തിലെ മൊഴി. കുറ്റം തെളിയിക്കാനാവശ്യമായ മൊഴികള്‍ക്ക് പകരം കുറ്റാരോപിതരെ രക്ഷിക്കുവാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും കൃപേഷിന്റെ ബന്ധുക്കളും ആരോപിക്കുന്നത്.

ഇവരെ കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്ഥഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്റെ മാതാവ് ഗീത, ആരോപണ വിധേയനായ കല്യോട്ടെ കടയുടമ വത്സരാജ്. അഡ്വക്കറ്റ് ഗോപാലന്‍ നായര്‍ എന്നിവരെയും സാക്ഷി പട്ടികയില്‍ ക്രൈംബ്രാഞ്ച് ഉള്‍പെടുത്തിയിട്ടുണ്ട്. 229 സാക്ഷികളില്‍ അമ്പത് പേര്‍ സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. അതേസമയം എട്ടാം പ്രതി സുധീഷിനു വേണ്ടി ജാമ്യാപേക്ഷയ്ക്ക് ആളൂരിനെ സമീപിച്ചത് പ്രതിയുടെ ബന്ധുക്കളാണോ അതോ സി പി എം ആണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. കൊലാപതകത്തെ തള്ളിപ്പറഞ്ഞ സി പി എം രഹസ്യമായി പ്രതികളെ സഹായിക്കുകയാണെന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ആളൂര്‍ വക്കീല്‍ വരുന്നതോടു കൂടി സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വരുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ പ്രതികളെ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ലെന്ന് സി പി എം നേതൃത്വം വ്യക്തമാക്കിയതിന്റെ പൊള്ളത്തരമാണ് കോണ്‍ഗ്രസ് തുറന്നുകാട്ടുകയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം നടത്താന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ ആകാംക്ഷ, ആളൂര്‍ വക്കീലിന് വക്കാലത്ത് നല്‍കിയത് പ്രതിയോ, സി പി എം നേതൃത്വമോ? ചര്‍ച്ച കൊഴുക്കുന്നു, ഏത് കൊടികെട്ടിയ വക്കീല്‍ വന്നാലും തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Periya, Murder, CPM, youth-congress, Crime, Periya double murder: Discussion about Aloor's entry
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia