Verdict | പെരിയ ഇരട്ടക്കൊല കേസ്: പ്രതികൾക്കുള്ള ശിക്ഷ ജനുവരി 3ന് പ്രഖ്യാപിക്കും; സിബിഐ പ്രതിചേർത്തവരിൽ 4 പ്രധാന സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കണ്ടെത്തി
● എറണാകുളത്തെ സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്
● 14 പ്രതികളാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചി: (KasargodVartha) പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ശേഷം അറസ്റ്റ് ചെയ്യപ്പെട്ട 10 പ്രതികളിൽ സിപിഎം നേതാക്കളായ നാല് പേരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപെടും.
കല്യോട്ടെ മുൻ ലോകൽ കമിറ്റി അംഗം എ പീതാംബരൻ, സജി എന്ന സജി സി ജോർജ്, കെ എം സുരേഷ്, അബു എന്ന കെ അനിൽകുമാർ, ജിജിൻ, കുട്ടു എന്ന ആർ ശ്രീരാഗ്, അപ്പു എന്ന എ അശ്വിൻ, മണി എന്ന സുധീഷ് തുടങ്ങി ആദ്യത്തെ എട്ട് പ്രധാന പ്രതികളും ഇവരെ കൂടാതെ പത്താം പ്രതി അപ്പു എന്ന രഞ്ജിത്ത്, ഉദുമ മുൻ ഏരിയ സെക്രടറിയും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റുമായ കെ മണികണ്‌ഠൻ, പതിഞ്ചാം പ്രതി വിഷ്ണു സുര എന്ന എ സുരേന്ദ്രൻ, 20-ാം പ്രതി മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, 21-ാം പ്രതി മുൻ പാക്കം ലോകൽ സെക്രടറി
രാഘവൻ നായർ എന്ന രാഘവൻ വെളുത്തോളി, 22-ാം പ്രതി കെ വി ഭാസ്കരൻ എന്നിവരെയാണ് എറണാകുളത്തെ സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇതിൽ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, സുരേന്ദ്രൻ, കെ വി ഭാസ്കരൻ എന്നിവരെല്ലാം കേസിൽ പ്രതികളായത് സിബിഐ അന്വേഷണത്തിന് ശേഷമാണ്. സിബിഐ അന്വേഷണം വരാതിരിക്കാൻ സുപ്രീംകോടതി അഭിഭാഷകരെ വെച്ചാണ് സർകാർ വാദിച്ചത്. എന്നാൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ അന്വേഷിക്കണമെന്ന വിധി സമ്പാദിച്ചത്. സിപിഎമിന്റെ നേതാക്കൾ ഉൾപെടെ നാല് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത് ഇതിലൂടെയാണ്.
ജഡ്‌ജ് ശേഷാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സിബിഐ പ്രോസിക്യൂടർ ബോബി ജോസഫ്, അസിസ്റ്റന്റ് അഡ്വ. കെ പത്മനാഭൻ എന്നിവരാണ് ഹാജരായത്. ഇതിൽ ഉദുമ സ്വദേശിയായ അഡ്വ. കെ പത്മനാഭൻ കാഞ്ഞങ്ങാട് ബാറിലെ പ്രധാന അഭിഭാഷകനാണ്. സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഡ്വ. കെ പത്മനാഭനെ അസിസ്റ്റന്റ് പ്രോസിക്യൂടറായി നിയമിച്ചത്.
തന്നെ തൂക്കി കൊല്ലണമെന്ന് 15-ാം പ്രതി സുരേന്ദ്രന്‍ കോടതിയില്‍
പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാബ്ധങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍. അതേസമയം കേസിലെ 15-ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രന്‍ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്.
കരഞ്ഞുകൊണ്ടായിരുന്നു എ സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് ജീവിക്കേണ്ടെന്നും ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും തൂക്കി കൊല്ലാന്‍ വിധിക്കണമെന്നും എ സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. പ്രായം ചെന്ന മാതാപിതാക്കളും ഭാര്യയും കുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഏറെ നാളായി ജയിലിലാണെന്നുമാണ് മറ്റു പ്രതികള്‍ ആവശ്യപ്പെട്ടത്.
പതിനെട്ടാം വയസില്‍ ജയിലില്‍ കയറിയതാണെന്നും പട്ടാളക്കാരാന്‍ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഏഴാം പ്രതി അശ്വിന്‍ പറഞ്ഞു. വീട്ടുകാരെ ആറ് വര്‍ഷമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ രോഗാവസ്ഥയിലാണെന്നും എട്ടാം പ്രതി സുബീഷ് എന്ന മണി പറഞ്ഞു.
കേസ് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചതിനാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയത് എന്നാണ് ഉദുമ മുന്‍ എംഎല്‍ എ കെവി കുഞ്ഞിരാമന്‍ പറഞ്ഞത്. കേസില്‍ 20-ാംപ്രതിയാണ് കുഞ്ഞിരാമന്‍. രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ കുഞ്ഞിരാമന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കുള്ള ശിക്ഷാ ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്നാണ് കോടതി ഉത്തരവിട്ടത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്നാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. കേസില്‍ 15-ാം പ്രതി വിഷ്ണു സുര എന്ന സുരേന്ദ്രനെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കാന്‍ സഹായിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കുമേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. എട്ടാം പ്രതിയായ സുബീഷിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, ഐപിസി 148 പ്രകാരം മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം, ഐപിസി 341 പ്രകാരം തടഞ്ഞു നിര്‍ത്തല്‍. ഐപിസി 120 പ്രകാരം ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
ഏഴാം പ്രതിയായ അശ്വിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍. തെളിവ് നശിപ്പിക്കല്‍, മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. കേസിലെ പ്രതിപട്ടികയിലുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 14, 15, 20, 21, 22 എന്നീ 14 പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പത്, 11,12,13,16,17,18,19, 23, 24 എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.
#PeriyaMurder #KeralaPolitics #CPM #CBI #CourtVerdict #Justice