Court Order | പെരിയ ഇരട്ടക്കൊലക്കേസ്: 4 പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ളവർക്ക് ആശ്വാസം
● അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.
● സിബിഐക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
● സിബിഐയുടെ മറുപടിക്ക് ശേഷം തുടർ വിചാരണ.
കൊച്ചി: (KasargodVartha) പെരിയ കല്യോട്ട് യൂത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷവിധി ഹൈകോടതി സ്റ്റേ ചെയ്തു. കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈകോടതി സ്റ്റേ ചെയ്തത്. ഇതോടെ ഇവർക്ക് ജയിൽ മോചിതരാകാൻ വഴിയൊരുങ്ങി.
പ്രതികൾ നൽകിയ അപീൽ പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസിൽ സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി അപീൽ സ്വീകരിക്കുകയും ശിക്ഷ സ്റ്റേ ചെയുകയുമായിരുന്നു. കേസിൽ സിബിഐക്ക് കോടതി നോടീസ് അയച്ചിട്ടുണ്ട്. സിബിഐയുടെ മറുപടി ലഭിച്ച ശേഷം കേസിൽ തുടർവാദം കേൾക്കും.
അതേസമയം, കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള മറ്റു 10 പ്രതികളുടെ അപീ ൽ ഹർജി ഹൈകോടതിയുടെ പരിഗണനയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. ഒന്നുമുതൽ എട്ടുവരെ പ്രതികളും പത്താം പ്രതിയും പതിനഞ്ചാം പ്രതിയുമടക്കം 10 പേർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
#PeriyaMurderCase #KeralaHighCourt #KVKunhiraman #KeralaPolitics #CBI #Crime