Murder Case | പെരിയ ഇരട്ടക്കൊലക്കേസ് അന്തിമഘട്ടത്തിലേക്ക് കടന്നു; പ്രതികളെ ചോദ്യം ചെയ്യൽ സിബിഐ കോടതിയിൽ പൂർത്തിയായി; പ്രതിഭാഗത്തിന് ഈ മാസം 20ന് നിർണായകം
● നവംബർ മാസത്തോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നു.
● സുപ്രീം കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
കാഞ്ഞങ്ങാട്: (KasargodVartha) പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ കൊച്ചിയിലെ സിബിഐ കോടതിയിൽ ചൊവ്വാഴ്ച പൂർത്തിയായി. കല്ല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള 24 പ്രതികളുടെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ 1,500 ഓളം ചോദ്യങ്ങളാണ് കോടതി പ്രതികളോട് ചോദിച്ചത്. കേസിൽ പ്രതിഭാഗത്തിൻ്റെ സാക്ഷികളോ, രേഖകളോ ഉണ്ടെങ്കിൽ ഈ മാസം 20 ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് സംഭവം നടന്നത്. ശരത് ലാലിനെയും കൃപേഷിനെയും ബൈകിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ലോകൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ 14 പേരെ പ്രതികളാക്കുകയും 11 സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒന്നാം പ്രതി പീതാംബരനടക്കം 11 പ്രതികൾ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് മണികണ്ഠൻ, സി പി എം ഏരിയ കമിറ്റിയംഗം ബാലകൃഷ്ണൻ അടക്കം മൂന്നു പേർക്ക് നേരത്തെ കോടതി ജാമ്യമനുവദിച്ചിരുന്നു. പിന്നീട് ശരത് ലാലിൻ്റെയും, ക്യപേഷിൻ്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടത്തെ തുടർന്ന് സുപ്രീം കോടതി കേസന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിപിഎം ജില്ലാ സെക്രടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 10 സി പി എം പ്രവർത്തകരെ കൂടി കേസിൽ പ്രതിചേർത്തു.
ഇതിൽ അഞ്ച് പേരെ 2021 ഡിസംബറിൽ അറസ്റ്റ് ചെയ്തു. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്. അഞ്ച് പേർ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. കേസിൻ്റെ വിചാരണ 2023 ഫെബ്രുവരി രണ്ട് മുതൽ ആരംഭിച്ചു. ഒരു വർഷത്തിലേറെ നടന്ന സാക്ഷി വിസ്താരത്തിനൊടുവിലാണ് ഈ മാസം കേസിൽ പ്രതികളെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചൊവ്വാഴ്ച കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ അടക്കമുള്ള 24 പ്രതികളും സിബിഐ കോടതിയിൽ ഹാജരായി. കേസിൻ്റെ വാദപ്രതിവാദങ്ങൾ അടുത്ത മാസത്തോടെ പൂർത്തിയാക്കി നവംബറിൽ രാജ്യം ഉറ്റുനോക്കുന്ന കേസിൻ്റെ വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന വിവരം.
#PeriyaMurderCase #Kerala #CBI #JusticeForVictims #PoliticalViolence